മുംബൈ: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത 38കാരി രക്ഷപ്പെടാൻ ചാടിയത് അതിവേഗതയിൽ കുതിച്ചെത്തിയ ട്രെയിനിനുമുന്നിൽ. ട്രെയിൻ വരും മുമ്പ് ട്രാക്ക് കടന്ന് ഓടിരക്ഷപ്പെടാം എന്നുകരുതിയാണ് റിത സിങ് (38) എന്ന പ്രതി ഈ സാഹസത്തിന് മുതിർന്നത്. എന്നാൽ, വെപ്രാളപ്പെട്ട് ചാടുന്നതിനിടെ കാൽ തെന്നി ട്രാക്കിൽ കമഴ്ന്നടിച്ചു വീണു. കണ്ടുനിന്നവർ എന്തുചെയ്യണമെന്നറിയാതെ ശ്വാസമടക്കിപ്പിടിച്ച് നിൽക്കവെ, അസി. പോലീസ് ഇൻസ്പെക്ടർ അർജുൻ ഗൻവത് ട്രാക്കിലേക്ക് എടുത്തുചാടി യുവതിയെ കോരിയെടുത്തു.
ഈ സമയം രണ്ടുേപരെയും ശ്രദ്ധയിൽപെട്ട ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് വേഗത നിയന്ത്രിച്ച് ബ്രേക്കിടുകയും തൊട്ടുതൊട്ടില്ല എന്നമട്ടിൽ ട്രെയിൻ നിർത്തുകയും ചെയ്തു. സമയോചിത ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് റിത സിങ്ങും പൊലീസുകാരും. സംഭവത്തിൽ ഗൻവതിനും റിത്തക്കും നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്.
ദാദർ സ്റ്റേഷൻ പരിധിയിൽ വിവിധ തട്ടിപ്പുകേസുകളിൽ പ്രതിയായ റിത സിങ്ങിന്‍റെ ഭർത്താവ് സന്തോഷ് കുമാർ സിംഗ് എന്ന ബബ്ലു താക്കൂറിനെ വ്യാഴാഴ്ച ദാദർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാപാരികളെ അടക്കം കൊള്ളയടിച്ച ഇയാൾ നഗരത്തിൽ 10 ഇടങ്ങളിൽ സ്വത്തുക്കളും ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെ നിരവധി വാഹനങ്ങളും 1.5 കിലോ സ്വർണവും സ്വന്തമാക്കിയിരുന്നു. ആളുകൾക്ക് െകാള്ളപ്പലിശക്ക് പണം കൊടുകുന്ന ഇടപാടും ഇയാൾക്കുണ്ട്. ദാദർ, ശിവാജി പാർക്ക് പോലീസ് സ്റ്റേഷനുകളിലും ദാദർ ജിആർപി സ്റ്റേഷനിലും സിങ്ങിനെതിരെ നിരവധി കേസുകളുണ്ട്. ഇതിന്‍റെ അന്വേഷണത്തിനിടയിലാണ് ഈ കുറ്റകൃത്യങ്ങളിൽ ഭാര്യ റിത സിങ്ങും (38) പങ്കാളിയാണെന്ന് പൊലീസിന് തെളിവ് ലഭിച്ചത്. തുടർന്ന് റിതയെ നവി മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് വെള്ളിയാഴ്ച ദാദറിലെ ജിആർപി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴാണ് ലോക്കൽ ട്രെയിനിന് മുന്നിൽ ചാടിയത്. രക്ഷാപ്രവർത്തനം നടത്തിയ അസി. പോലീസ് ഇൻസ്പെക്ടർ അർജുൻ ഗൻവതിനെ പൊലീസുദ്യോഗസ്ഥർക്കുള്ള പാരിതോഷികത്തിന് ശുപാർശ ചെയ്യുമെന്ന് ദാദർ ജിആർപി പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ധാന്യേശ്വർ കട്കർ പറഞ്ഞു.
"പ്രതി ഓടിപ്പോകുകയോ ട്രെയിനിനടിയിൽ കുടുങ്ങി മരിക്കുകയോ ചെയ്യുമെന്ന് ഞാൻ ഭയപ്പെട്ടു. രണ്ടായാലും അവൾ ഞങ്ങളുടെ കസ്റ്റഡിയിലായതിനാൽ ഞങ്ങളെയാണ് എല്ലാവരും കുറ്റപ്പെടുത്തുക. അതിനാൽ, എന്ത് വില കൊടുത്തും അവളെ രക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നു'' -സാഹസിക രക്ഷാപ്രവർത്തനത്തെ കുറിച്ച് ഗൻവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.