ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്. ഞായറാഴ്ച വൈകീട്ട് വരെയുള്ള കണക്കുപ്രകാരം 6.9 ലക്ഷം പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്.
അമേരിക്കയും ബ്രസീലുമാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. അമേരിക്കയിൽ 29 ലക്ഷവും, ബ്രസീലിൽ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകൾ. അമേരിക്കയിൽ 132, 382പേരും, ബ്രസീലിൽ 64,365പേരുമാണ് മരിച്ചത്. അതേസമയം ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ മരണസംഖ്യ കുറവാണ്. 19,692 പേരാണ് ഇതുവരെ മരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,95,396ആയി ഉയർന്നു. ഇന്നലെ മാത്രം 613 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിൽ ഞായറാഴ്ച 7074 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ തുടർച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
നേരത്തേ കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്ത് ലേക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇളവുകൾ വന്നുതുടങ്ങിയതിനൊപ്പം കേസുകളുടെ എണ്ണവും വർധിച്ചുതുടങ്ങി. സ്കൂളുകൾ, സിനിമാശാലകൾ, ജിംനേഷ്യം തുടങ്ങി ഇനിയും തുറക്കാൻ അനുമതിക്കായി കാത്തിരിക്കുന്ന സ്ഥാപനങ്ങളും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.