ന്യൂഡൽഹി: കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉത്തർപ്രദേശിലെ പുതിയ എക്‌സ്പ്രസ് വേ മഴയിൽ തകർന്ന് തരിപ്പണമായതിനെതിരെ ബി.ജെ.പി എം.പി വരുൺ ഗാന്ധി. റോഡ് പ്രവൃത്തിയുടെ ഗുണനിലവാരത്തെ അദ്ദേഹം ചോദ്യം ചെയ്തു.
'15,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എക്‌സ്പ്രസ് വേയ്ക്ക് അഞ്ച് ദിവസത്തെ മഴ പോലും താങ്ങാൻ കഴിയുന്നില്ലെങ്കിൽ, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നു'' -എന്നാണ് വരുൺ ട്വീറ്റ് ചെയ്തത്.
296 കിലോമീറ്റർ നീളമുള്ള ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ ജലൗൺ ജില്ലയ്ക്ക് സമീപമുള്ള ചിരിയ സലേംപൂരിലാണ് വ്യാഴാഴ്ച തകർന്നത്. കനത്ത മഴയെത്തുടർന്ന് റോഡിൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടു.
റോഡ് തകർചക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട കമ്പനികൾക്കുമെതിരെ നടപടിയെടുക്കണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു. 'പ്രോജക്ട് മേധാവിയെയും ബന്ധപ്പെട്ട എഞ്ചിനീയറെയും ഉത്തരവാദിത്തപ്പെട്ട കമ്പനികളെയും വിളിച്ചുവരുത്തി അവർക്കെതിരെ നടപടിയെടുക്കണം'-അദ്ദേഹം പറഞ്ഞു.
അതേസമയം, തകർന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്തി മുഖം രക്ഷിക്കാൻ സർക്കാർ നടപടി തുടങ്ങി. നിരവധി ബുൾഡോസറുകൾ അടകമുള്ള വാഹനങ്ങളും ഉപകരണങ്ങളും ഇതിനായി രംഗത്തിറക്കി. റോഡ് താൽക്കാലിക അറ്റുകുറ്റപ്പണി നടത്തി ഗതാഗതത്തിനായി തുറന്നുകൊടുത്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂലൈ 16നാണ് പ്രധാനമന്ത്രി മോദി എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. ചിത്രകൂടിലെ ഭാരത്‌കൂപ്പിനെയും ഇറ്റാവയിലെ കുദ്രേലിനെയും ബന്ധിപ്പിക്കുന്ന നാലുവരി അതിവേഗ പാത ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.