ബംഗളൂരു: നമ്മുടെ രാജ്യം ബഹുസ്വര സംസ്കാരത്തിന്റെയും മതങ്ങളുടെയും ഭാഷകളുടെയും നാടാണെന്ന് ഓർമിപ്പിക്കേണ്ടിവരുന്നത് ദൗർഭാഗ്യകരമാണെന്നും ഇന്ത്യ ഒരു മതേതര രാഷ്ട്രമായതിനാൽ ഒരു മതത്തെയും രാജ്യത്തിന്റെ പേരിൽ അടയാളപ്പെടുത്താനാകില്ലെന്നും കർണാടക ഹൈകോടതി. ക്ലാസ് മുറികളിൽ ശിരോവസ്ത്രവും കാവി ഷാളുമൊക്കെ ധരിച്ച് പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളേക്കാൾ, ക്ലാസിൽ കയറിയാലാണ് വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കപ്പെടുകയെന്നും ഹൈകോടതി നിരീക്ഷിച്ചു.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ബെഞ്ച്, കേസ് തീർപ്പാക്കുന്നതുവരെ മതപരമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ക്ലാസുകളിൽ പ്രവേശിക്കാൻ അനുമതി നൽകാനാകില്ലെന്ന വാക്കാലുള്ള നിർദേശമാണ് നൽകിയിരുന്നത്. എല്ലാ പൗരന്മാർക്കും അവരുടെ ഇഷ്ടപ്രകാരം ഏതു മതവിശ്വാസവും പിന്തുടരാൻ അവകാശമുണ്ട്. എന്നാൽ, മതപരമായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം സമ്പൂർണമല്ല. ഭരണഘടന പ്രകാരം ചില നിയന്ത്രണങ്ങൾക്കും വിധേയമാണവ. ഭരണഘടന നൽകുന്ന ഉറപ്പു പ്രകാരം ക്ലാസ് മുറികളിൽ ശിരോവസ്ത്രം ധരിക്കണമെന്നത് ഇസ്ലാമിലെ ഒഴിച്ചുകൂടാനാവാത്ത മതാചാരമാണോ എന്നതിന് ആഴത്തിലുള്ള പരിശോധന ആവശ്യമാണ്. കോളജ് വികസന സമിതി പ്രത്യേക യൂനിഫോമോ ഡ്രസ് കോഡോ തീരുമാനിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഇടക്കാല ഉത്തരവ് ബാധകമെന്നും ഹൈകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.