ന്യൂഡൽഹി: കർണാടകത്തിലെ മുസ്ലിം സംവരണം ഇല്ലാതാക്കിയെന്ന മട്ടിൽ പ്രസംഗിച്ച ആഭ്യന്തര മന്ത്രി അമിത്ഷായെ സുപ്രീംകോടതി പിടികൂടിയപ്പോൾ, ആ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഉത്തരവാദപ്പെട്ട തെരഞ്ഞെടുപ്പ് കമീഷന്റെ കണ്ണിൽപെട്ടില്ല! ഇതോടെ കമീഷന്റെ നിഷ്പക്ഷതക്ക് നേരെ വീണ്ടുമൊരിക്കൽകൂടി ചോദ്യചിഹ്നം ഉയർന്നു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയമായി ദുരുപയോഗിച്ചതിനാണ് സുപ്രീംകോടതി അമിത്ഷായുടെ ചെവിക്കുപിടിച്ചത്.
ഇതിനുപുറമെ, സാമുദായികവും വൈകാരികവുമായ ഒരു വിഷയത്തിൽ നടത്തിയ വിഭാഗീയത കലർന്ന പ്രസംഗം മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിലും വരും. എന്നാൽ, കമീഷൻ നടപടിയൊന്നും സ്വീകരിച്ചില്ല. കർണാടകത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രസംഗിച്ചതിന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടിയത് കഴിഞ്ഞ ദിവസമാണ്.
ഹനുമാനുമായി വൈകാരിക ബന്ധമുള്ള കർണാടകത്തിൽ ഹനുമാന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ആഹ്വാനം നടത്തിയിരുന്നു. ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് നിലപാടിനെ ‘ജയ് ബജ്റംഗ് ബലി’ മുഴക്കി വോട്ടർമാർ നേരിടണമെന്ന മോദിയുടെ പ്രസംഗത്തിനുമുന്നിൽ പക്ഷേ, തെരഞ്ഞെടുപ്പ് കമീഷൻ കണ്ണടച്ചു.
മതനിരപേക്ഷ കേരളത്തെ മോശമായി ചിത്രീകരിക്കുന്നവെന്നും മുസ്ലിംകളെ കുറ്റാരോപണത്തിന്റെ മുൾമുനയിൽ നിർത്തുന്നുവെന്നും ആരോപണം നേരിടുന്ന കേരള സ്റ്റോറി സിനിമയെ കർണാടക പ്രചാരണത്തിൽ പുകഴ്ത്തി വിഭാഗീയ പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷനു മുന്നിൽ അത് പെരുമാറ്റച്ചട്ട ലംഘനമായില്ല.
കർണാടകയിലെ തെരഞ്ഞെടുപ്പുപ്രചാരണം അവസാനിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന കത്ത്, വിഡിയോ സന്ദേശം എന്നീ രൂപത്തിൽ ബി.ജെ.പിക്കുവേണ്ടി പരസ്യപ്രചാരണം നടത്തിയതും കമീഷനു മുന്നിൽ പെരുമാറ്റച്ചട്ട ലംഘനമായില്ല. വോട്ടെടുപ്പ് തീരുന്നതിന് 48 മണിക്കൂർമുമ്പ് പരസ്യ പ്രചാരണം അവസാനിക്കണം.
എന്നാൽ, അതിനു ശേഷമാണ് മോദിയുടെ ആഹ്വാനം പുറത്തിറങ്ങിയത്. ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുടെ തെരഞ്ഞെടുപ്പ് അഭിമുഖങ്ങൾ ചില ചാനലുകളിൽ വന്നതും പ്രചാരണ സമയം അവസാനിച്ചശേഷം.
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചതിനു പിറ്റേന്ന് കർണാടകത്തിലെ വോട്ടർമാർക്ക് തുറന്ന കത്തും വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തെ നമ്പർ വണ്ണാക്കാൻ വോട്ടു ചെയ്യണമെന്ന് മോദി അഭ്യർഥിച്ചു. പ്രചാരണ കാലത്ത് 19 പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ആറ് റോഡ് ഷോ നടത്തുകയും ചെയ്തതിനു പുറമെയാണ് വോട്ടെടുപ്പ് തലേന്ന് കത്തും വിഡിയോയുമായി മോദിയുടെ വോട്ടഭ്യർഥന.
ബി.ജെ.പി വന്നാൽ പുതുതലമുറക്കായി നഗര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഗതാഗതം നവീകരിക്കും. നഗര-ഗ്രാമ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. യുവാക്കൾക്കും വനിതകൾക്കും പുതിയ അവസരങ്ങൾ നൽകും. കർണാടകത്തോടും അവിടത്തെ ജനങ്ങളോടും ബി.ജെ.പിക്ക് പ്രത്യേക പ്രതിബദ്ധതയുണ്ട്. നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നിവയിൽ കർണാടകം നമ്പർ-വൺ ആകണം. ഓരോ കർണാടകക്കാരന്റെയും സ്വപ്നം തന്റേതുകൂടിയാണ്.
ഇന്ത്യയെ വികസിത രാജ്യമാക്കാനാകണം കർണാടകത്തിന്റെ വോട്ട്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായ ഇന്ത്യയെ മൂന്നാമതാക്കുകയെന്ന ലക്ഷ്യമാണ് മുന്നിൽ. മുൻ സർക്കാറിന്റെ കാലത്ത് 30,000 കോടിയായിരുന്ന കർണാടകത്തിലെ വാർഷിക വിദേശ നിക്ഷേപം കോവിഡ് സാഹചര്യങ്ങൾക്കിടയിലും 90,000 കോടി രൂപയായി ഉയർത്താൻ ബി.ജെ.പി സർക്കാറിന് സാധിച്ചുവെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.