ബി.ജെ.പി നേതാവ് ശ്രീകാന്ത് ത്യാഗിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡൽഹി: നോയ്ഡയിൽ അയൽക്കാരിയെ കൈയേറ്റം ചെയ്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി-കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്ത്രീകൾക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടിയാണ് സുരാജ്പൂർ കോടതി ജാമ്യാപേക്ഷ തള്ളിയത്. സ്ത്രീയെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ത്യാഗി ഒളിവില്‍പോയിരുന്നു. ചൊവ്വാഴ്ച രാവിലെ മീററ്റില്‍നിന്നാണ് ശ്രീകാന്ത് ത്യാഗിയെയും മറ്റ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

നോയിഡയിലെ സെക്ടര്‍ 93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സിലെ പാര്‍ക്ക് ഏരിയയില്‍ മരങ്ങളും ചെടികളും നടുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തെ തുടർന്നാണ് അയൽക്കാരിയായ യുവതിയെ ത്യാഗി കൈയേറ്റം ചെയ്തത്. ശ്രീകാന്ത് ത്യാഗി യുവതിയെ തള്ളിയിടുകയും അസഭ്യം പറയുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ത്യാഗിയുടെ ട്വിറ്റർ പ്രൊഫൈലിൽ ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, യുവ കിസാന്‍ സമിതിയുടെ ദേശീയ കോഓഡിനേറ്റർ എന്നിങ്ങനെയാണുള്ളത്. ഇയാൾ ജെ.പി നഡ്ഡയടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അതിനിടെ, അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടി നോയിഡ 95ബി സെക്ടറിലുള്ള ശ്രീകാന്തിന്റെ വീടിന്റെ ഒരുഭാഗം പൊളിച്ച് നീക്കുകയും ചെയ്തു. ശ്രീകാന്തിന്റെ ഭാര്യയേയും ബന്ധുക്കളേയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ആദായനികുതി ഉദ്യോഗസ്ഥർ നോയിഡയിലെ ഭംഗൽ മാർക്കറ്റ് ഏരിയയിലുള്ള ത്യാഗിയുടെ സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും ചെയ്തു.

ഒളിവിൽ കഴിഞ്ഞ കേന്ദ്രത്തിൽ നിന്നും ഇയാൾ ഭാര്യയേയും അഭിഭാഷകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മീററ്റിലുണ്ടെന്ന് സൂചന ലഭിക്കുന്നതും പിന്നാലെ അറസ്റ്റ് ചെയ്തതും.

താൻ ബി.ജെ.പിയുടെ കിസാൻ മോർച്ചാ നേതാവാണെന്ന് ശ്രീകാന്ത് ത്യാഗി അവകാശപ്പെടുമ്പോഴും പാർട്ടിയുമായി ബന്ധമില്ലെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാൽ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിരവധി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - court rejected the bail plea of ​​BJP leader Srikanth Tyagi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.