ന്യൂഡൽഹി: പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെ വെറുതെ വിടാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി. യുവാവിനെതിരെ ആ രോപണമുന്നയിച്ച സ്ത്രീയുടെ പരാതി വിശ്വസിക്കാനാകാത്തതും പരാതിയിലുന്നയിച്ച കാര്യങ്ങൾ പരസ്പര വിരുദ്ധവുമായ തിനാലാണ് യുവാവിനെ കോടതി തെറ്റുകാരനല്ലെന്ന് വിധിച്ച് വെറുതെ വിട്ടത്.
പീഡന നടന്നെന്ന് യുവതി ആരോപിച്ച ദിവസം മുതൽ പരാതിയുമായി അധികൃതരെ സമീപിച്ച ദിവസം വരെ 529 തവണ സ്ത്രീ യുവാവിനെ വിളിച്ചതായി കോടതി കണ്ടെത്തിയിരുന്നു. ജസ്റ്റിസ് മൻമോഹൻ, സംഗീത ധിൻഗ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സ്ത്രീയുടെ പരാതി അങ്ങേയറ്റം അവിശ്വസീനയമാണെന്ന് കാട്ടി യുവാവിനെ വെറുതെ വിടാൻ ഉത്തരവിട്ടത്.
സ്ത്രീ എങ്ങനെയാണ് യുവാവിനെ ആദ്യമായി കണ്ടത്? എന്നാണ് പീഡനം നടന്നത്? പരാതി ഉന്നയിക്കാൻ എന്താണ് ഇത്ര കാലതാമസം? തുടങ്ങിയ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് യുവതി നൽകിയത്. ലിങ്ക്ഡ്ഇൻ എന്ന സമൂഹ മാധ്യമ സൈറ്റിലാണ് യുവാവിനെ പരിചയപ്പെട്ടതെന്നായിരുന്നു സ്ത്രീ കോടതിയിൽ പറഞ്ഞത്. എന്നാൽ പരാതിയിൽ അത് വെളിപ്പെടുത്തിയിരുന്നില്ല.
24 മണിക്കൂറും വലിയ സുരക്ഷയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ സംഭവം നടന്നിട്ടും അലാറം മുഴക്കാനോ പൊലീസിനെ വിളിക്കാനോ ശ്രമിക്കാതിരുന്നതും കോടതിയുടെ സംശയത്തിനിടയാക്കി. യുവാവ് കൈക്കലാക്കി എന്ന് ആരോപിച്ച ഫോൺ അയാൾ തിരിച്ച് നൽകി 30 ദിവസത്തോളം കഴിഞ്ഞിട്ടും പൊലീസിനെ വിവരം അറിയിക്കാതെ 529 തവണയോളം യുവാവിനെ വിളിച്ചതും കോടതി ചോദ്യം ചെയ്തിരുന്നു. റിട്ടയേർഡ് സി.ആർ.പി.എഫ് കമാൻഡറുടെ മകളും പ്രൊഫസറുമായ സ്ത്രീ ഇത്തരമൊരു സംഭവം നടന്നിട്ടും പൊലീസിനെ വിളിക്കാതിരുന്നത് സംശയം ജനിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.