ന്യൂഡൽഹി: കോവിഡ് 19 മഹാമാരിയെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് എ.ബി.പി-സി വോട്ടർ സർവേയിൽ ഭൂരിപക്ഷാഭിപ്രായം. അതേസമയം, ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകിയിരുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കിയ തീരുമാനം സർക്കാറിന്‍റെ ഏറ്റവും വലിയ നേട്ടമായെന്നും സർവേയിൽ പങ്കെടുത്തവർ വിലയിരുത്തി. 543 ലോക്സഭ മണ്ഡലങ്ങളിലെ 1.39 ലക്ഷം ജനങ്ങളിലാണ് സർവേ നടത്തിയത്. ജനുവരി ഒന്നിനും മേയ് 28നും ഇടയിലായിരുന്നു സർവേ.
ഏഴ് വർഷമായി ഭൂരിഭാഗം ജനങ്ങൾക്കിടയിൽ മോദി സർക്കാറിനുണ്ടായിരുന്ന ജനപ്രീതിക്ക് ഇടിവ് സംഭവിച്ചതായും പല കാര്യങ്ങളിലും ജനം നിരാശരാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ മോദിയെക്കാൾ നന്നായി കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുമെന്ന് കരുതുന്നുണ്ടോയെന്ന് ചോദ്യമുണ്ടായിരുന്നു. 63.1 ശതമാനം പേരും മോദി തന്നെയാണ് മികച്ചത് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
മോദി സർക്കാറിന്‍റെ സാമ്പത്തിക തീരുമാനങ്ങളിൽ കോർപറേറ്റുകൾക്കാണ് വൻ നേട്ടമുണ്ടാകുന്നതെന്ന അഭിപ്രായം 64.4 ശതമാനം പേർ രേഖപ്പെടുത്തി. ലഡാക്കിൽ ചൈന കടന്നുകയറിയത് കേന്ദ്ര സർക്കാറിന്‍റെ പരാജയമാണെന്ന് വിലയിരുത്തിയത് 44.8 ശതമാനം പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.