ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഓക്സിജൻ ലഭിക്കാത്തതു മൂലം ആരും മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന കേന്ദ്ര വിശദീകരണത്തിൽ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രനിലപാടിനെതിരെ പ്രതിപക്ഷവും ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ കുടുംബാംഗങ്ങളും രംഗത്തുവന്നു.
ആരോഗ്യ സഹമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാൽ, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍ എന്നിവർ വ്യാഴാഴ്ച രാജ്യസഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. ഓക്സിജൻ ലഭ്യതക്കുറവ് മൂലം കോവിഡ് രോഗികൾ ആശുപത്രിയിലും പുറത്തും മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ കെ.സി. വേണുഗോപാൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ അത്തരം മരണങ്ങൾ ഒന്നും സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ അറിയിച്ചത്. എന്നാൽ, മറുപടി വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രസർക്കാറിന് സംഭവിച്ച വീഴ്ച മറച്ചുവെക്കാൻ ലക്ഷ്യമിട്ട് മനപ്പൂർവം സഭയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഏപ്രിലിലും മേയിലും നൂറുകണക്കിനു പേര് ഓക്സിജന്‍ ലഭിക്കാതെ മരിച്ച കാര്യത്തില്‍ സംശയമില്ലെന്നും സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഓക്സിജൻ ക്ഷാമത്തെത്തുടർന്നുള്ള മരണങ്ങൾ കെണ്ടത്താൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. മരണം അന്വേഷിക്കാനും കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നൽകാനും സമിതിയെവെക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ലെഫ്. ഗവർണർ വഴി കേന്ദ്രം സമിതിക്ക് അനുമതി നൽകിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓക്സിജൻ ലഭിക്കാതെ പലരും മരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അസത്യം പ്രചരിപ്പിക്കുകയാണെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ കുറ്റപ്പെടുത്തി. ഓക്സിജൻ ലഭിക്കാതെ ആരും മരിച്ചില്ലെങ്കിൽ ആശുപത്രികൾ എന്തിനാണ് ഹൈകോടതിയെ സമീപിച്ചതെന്നും അദ്ദേഹം ചോദിച്ചു. ലജ്ജാകരമാണ് കേന്ദ്ര സർക്കാറിെൻറ മറുപടിയെന്ന് ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.