ബംഗളൂരു: മലയാളികൾ ധാരാളമുള്ള ബംഗളൂരു അടക്കമുള്ള കർണാടകയിലെ പലയിടങ്ങളിലും കോവിഡ് മൂലം മരിച്ചവരുടെ കൃത്യമായ കണക്കുകളില്ലാത്തത് വിനയാവും. കോവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതിനാൽ കർണാടകയിൽ മരിക്കുന്ന മലയാളികളുടെ ആശ്രിതർക്ക് വിവിധ സർക്കാറുകൾ പ്രഖ്യാപിച്ച ആനുകൂല്യം നഷ്ടമാവുമെന്ന് ആശങ്ക.
കർണാടകയിലെ ആകെ കോവിഡ് മരണങ്ങളുടെ കൂട്ടത്തിലാണ് മലയാളികളുടെ മരണവും ചേർക്കുന്നത്. ഇതിൽ ഇവിടെ സ്ഥിരതാമസമാക്കിയവരും ജോലിയാവശ്യത്തിനായി എത്തി വാടകക്ക് താമസിക്കുന്നവരും ഉണ്ടാകും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി നിർദേശമുണ്ടെങ്കിലും കർണാടകയിൽ മരിച്ച മലയാളികളുടെ വിവരങ്ങൾ പ്രത്യേകമായി കേരള സർക്കാർ ഇതുവരെ ശേഖരിച്ചിട്ടില്ല. ഇതുസംബന്ധിച്ച കണക്കുകൾ നോർക്ക ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ കൈവശവുമില്ല.
2020 മുതൽ ജൂലൈ രണ്ടുവരെ കർണാടകയിൽ 35,222 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ ചുരുങ്ങിയത് ആയിരത്തിലധികം േപർ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. ജൂലൈ രണ്ടുവരെ ബംഗളൂരു അർബൻ ജില്ലയിൽ മാത്രം 15,655 പേർക്കാണ് കോവിഡ് ബാധിച്ചത്.
ഇതിൽ 800 ലധികം മലയാളികളും ഉൾപ്പെടുമെന്നാണ് ഏകദേശ കണക്ക്. ബംഗളൂരുവിന് പുറമെ മംഗളൂരു, ഹുബ്ബള്ളി, കുടക്, ചാമരാജ് നഗർ, മൈസൂരു, ശിവമൊഗ്ഗ, ബെള്ളാരി, ദാവൻഗരെ തുടങ്ങിയ വിവിധ ജില്ലകളിലും മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ഓൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ മലയാളികളുടെ മാത്രമായി 50 ഒാളം മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ട്. ഇതിൽ തന്നെ പലരുടെയും ബന്ധുക്കളുടെ അസാന്നിധ്യത്തിലാണ് കെ.എം.സി.സി സംസ്കാര ചടങ്ങുകൾ ഏറ്റെടുത്തിരുന്നത്.
ജോലിക്കായി താൽകാലികമായി വന്നവരും ഇവിടെ സ്ഥിരതാമസമാക്കിയവരും കോവിഡ് ബാധിച്ച് മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ഇവരുടെ വിവരശേഖരണം നടത്തി കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കേരള സർക്കാർ മുൻകൈയെടുക്കണമെന്ന് എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡൻറ് എം.കെ. നൗഷാദ് ആവശ്യപ്പെട്ടു. കോവിഡ് ഒന്നാം തരംഗത്തേക്കാൾ രണ്ടാം തരംഗത്തിലാണ് ബംഗളൂരുവിൽ കൂടുതൽ മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചതെന്നും ആശുപത്രിയിൽനിന്ന് മരിച്ചാലും പിന്നീട് മൃതദേഹം പോലും കിട്ടാത്ത സംഭവങ്ങൾ നിരവധിയാണെന്നും കോൺഗ്രസ് ബംഗളൂരു നോർത്ത് ഡി.സി.സി െസക്രട്ടറിയും ഹെൽപ് ഡെസ്ക്ക് പ്രവർത്തകനുമായ ജയ്സൺ ലൂക്കോസ് പറയുന്നു. മരിച്ചവരുടെ വിവരങ്ങൾ പോലും കൃത്യമായി രേഖപ്പെടുത്താത്തതിനാൽ തന്നെ ഇവിടെ മരിക്കുന്ന മലയാളികളുടെ ആശ്രിതർക്ക് ഒരു സർക്കാറിൽനിന്നും ആനുകൂല്യം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുനാട്ടിൽ മരിച്ച മലയാളികളുടെ വിവരങ്ങൾ സർക്കാർ ഏജൻസികളിലൂടെ ശേഖരിക്കുകയോ നേരിട്ട് രജിസ്ട്രേഷന് സൗകര്യമൊരുക്കുകയോ ചെയ്തെങ്കിൽ മാത്രമെ ഒറ്റവരും ഉടയവരും നഷ്ടമായവർക്ക് കോവിഡ് നഷ്ടപരിഹാരമെങ്കിലും ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.