ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈമാസം 27ന് വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്ച.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിഷയത്തിൽ അവതരണം നടത്തുമെന്ന് അധികൃതർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. മാസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാചര്യത്തിലാണ് യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം മാത്രം 2,527 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ പ്രകാരം നിലവിൽ, ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,30,54,952 ആയി ഉയർന്നു,
അതേസമയം സജീവ കേസുകൾ 15,079 ആയി. 33 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 5,22,149 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 838 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലും കോവിഡ് കേസുകൾ വ്യാപിക്കുകയാണ്. ശനിയാഴ്ച മാത്രം 1000ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
രോഗികളുടെ എണ്ണം കൂടിയതോടെ പൊതുഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഡൽഹി സർക്കാർ ഉത്തരവിറക്കിയിരുന്നു. കൂടാതെ, ഉത്തർപ്രദേശ്, ഹരിയാന, തമിഴ്‌നാട് സംസ്ഥാനങ്ങളും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.