ന്യൂഡൽഹി: കോവിഡ് വാക്സിൻ നൽകുന്നത് ആഘോഷമാക്കുന്നതിനെയും പ്രതിരോധ മരുന്ന് നിയന്ത്രണമില്ലാതെ കയറ്റുമതി ചെയ്യുന്നതിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വാക്സിന് ക്ഷാമം നേരിടുന്നത് വലിയ പ്രശ്നമാണെന്നും കോവിഡ് വാക്സിൻ നൽകുന്നത് ആഘോഷമാക്കരുതെന്നും രാഹുൽ പറഞ്ഞു.
രാജ്യം കോവിഡ് ഭീതിയിൽ കഴിയുമ്പോൾ വാക്സിൻ കയറ്റുമതി ചെയ്യുന്നത് ശരിയാണോ എന്ന് രാഹുൽ ചോദിച്ചു. വാക്സിൻ വിതരണം ചെയ്യുന്നതിൽ പക്ഷപാതമില്ലാതെ മുഴുവൻ സംസ്ഥാനങ്ങളെയും കേന്ദ്ര സർക്കാർ സഹായിക്കണം. നാമെല്ലാവരും ചേർന്ന് ഈ പകർച്ചവ്യാധിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിന്‍റെ ദീർഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകവും വാക്സിൻ നിർമാതാക്കളും എടുത്ത പരിശ്രമത്തെ ദുർബലപ്പെടുത്തിയതായും രാഹുൽ ഗാന്ധി വിമർശിച്ചു. ആവശ്യക്കാർക്കെല്ലാം എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഏപ്രിൽ 11 മുതൽ 14 വരെ വാക്സിൻ ഉത്സവം ആഘോഷിക്കാൻ വ്യാഴാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ഒാൺലൈൻ കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും കോവിഡ് വാക്സിന്‍റെ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.