ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാല കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെച്ച നടപടി രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. രാജ്യത്ത് വാക്സിൻ പരീക്ഷണം നിർത്തിവെക്കുന്നത് സംബന്ധിച്ച യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനവാല ഇന്ത്യ ടുഡെയോട് പറഞ്ഞു.
യു.കെയിൽ മരുന്ന് പരീക്ഷണം നിർത്തിവെച്ച നടപടി രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ല. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിച്ച 'കോവിഷീൽഡ്' എന്ന കോവിഡ് പ്രതിരോധ വാക്സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്.
കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷിച്ച ഒരു വ്യക്തിക്ക് രോഗം പിടിച്ചതിൽ വാക്സിനുമായി നേരിട്ട് ബന്ധമില്ല. നേരത്തേയുണ്ടായിരുന്ന നാഡീവ്യൂഹത്തിലെ പ്രശ്നങ്ങളായിരിക്കാം കാരണം. വാക്സിൻ പരീക്ഷണ സമയത്ത് ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഷീൽഡ് വാക്സിൻ പരീക്ഷിച്ച ഒരാളിൽ പ്രതികൂല ഫലം കണ്ടതിനെ തുടർന്ന് പരീക്ഷണം നിർത്തിവെച്ചതായി ആസ്ട്ര സെനക വക്താവ് അറിയിച്ചിരുന്നു. 2021ഓടെ വാക്സിൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഓക്സ്ഫഡ്. രണ്ടാം തവണയാണ് വാക്സിൻ പരീക്ഷണം നിർത്തിവെക്കുന്നത്. വാക്സിൻെറ അവസാന ഘട്ട പരീക്ഷണമാണ് ഇന്ത്യ അടക്കം ഏഴിടങ്ങളിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.