ന്യൂഡൽഹി: രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.പി.എം ഡൽഹി പൊലീസിൽ പരാതി നല്‍കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ, 152ബി, 298, 504, 505 എന്നീ വകുപ്പുകൾ പ്രകാരം മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ഡൽഹി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം പുഷ്പീന്ദർ സിങ് ഗ്രെവാളുമാണ് പരാതി നൽകിയത്. ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പരാതി ഡൽഹി പൊലീസ് കമീഷണര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാർക്കും "കൂടുതൽ കുട്ടികളുള്ളവർക്കും" നൽകാൻ കോൺഗ്രസ് പദ്ധതിയിടുന്നതായാണ് പ്രസംഗത്തിൽ മോദി ആരോപിച്ചത്. "രാജസ്ഥാനിലെ റാലിയിൽ ഹിന്ദുക്കളുടെ സ്വത്തുക്കൾ മുസ്ലിംകൾക്ക് വിതരണം ചെയ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സമുദായങ്ങള്‍ക്കിടയിൽ ശത്രുത വളർത്തുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മുസ്ലിംകള്ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങളാണ് പ്രസംഗത്തിലുള്ളത്. സമുദായത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തെ ലക്ഷ്യംവെക്കുകയും വിദ്വേഷം പടർത്തുകയുമാണ് മോദി ചെയ്‌തത്. വിദ്വേഷപ്രസംഗത്തിലൂടെയുള്ള വോട്ടഭ്യർഥന അങ്ങേയറ്റം നിയമവിരുദ്ധമാണ്" -സി.പി.എം പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെ വിഭവങ്ങൾക്ക് മേൽ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിരുന്നുവെന്നും അതിലൂടെ നുഴഞ്ഞുക്കയറ്റക്കാർക്ക് സ്വത്തുകൾ വിതരണം ചെയ്യപ്പെടുമെന്നുമാണ് മോദി പറഞ്ഞത്.
ബോധപൂർവമുള്ള ഈ പരാമർശം ഭരണഘടനാവിരുദ്ധവും പ്രകോപനകരവും നിയമവിരുദ്ധവും സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതുമാണ്. കൂടുതൽ കുട്ടികളുള്ളവർ, നുഴഞ്ഞുക്കയറ്റക്കാർ തുടങ്ങിയ പരാമർശങ്ങൾ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടാണ്. മുസ്ലിം എന്ന വാക്ക് പ്രസംഗത്തിൽ കൃത്യമായുണ്ട്. ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും ഗുരുതരമായി ക്ഷതമേൽപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവ്യാപകമായി പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്. അതുകൊണ്ടു തന്നെ അഖിലേന്ത്യ പ്രസക്തിയുള്ള വിഷയമാണിത്. എത്രയും വേഗം കേസെടുത്ത് അന്വേഷണത്തിലേക്ക് കടക്കണം. എത്ര ഉന്നതപദവി വഹിക്കുന്ന ആളായാലും നിയമത്തിന് അതീതനല്ല. അതുകൊണ്ട് മോദിക്കെതിരെ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.