പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ രണ്ട് സ്ഥാനാർഥികൾക്ക് വിജയം. മഹാസഖ്യത്തിന്‍റെ സ്ഥാനാർഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവ് മഞ്ചി മണ്ഡലത്തിലും അജയ് കുമാർ വിഭൂതിപൂർ മണ്ഡലത്തിലുമാണ് വിജയിച്ചത്. സി.പി.ഐ(എം.എൽ) ഒമ്പത് സീറ്റിൽ വിജയിച്ചു.
മഞ്ചിയിൽ 25,386 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡോ. സത്യേന്ദ്ര യാദവ് വിജയിച്ചത്. 2015 തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയ് ശങ്കർ ദുബെ 8866 വോട്ടിന് ഇവിടെ ജയിച്ചിരുന്നു.
വിഭൂതിപൂരിൽ അജയ് കുമാർ 40,496 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജെ.ഡി.യുവിന്‍റെ രാം ബാലക് സിങ്ങിനെ തോൽപ്പിച്ചത്. 2015ലെ തെരഞ്ഞെടുപ്പിൽ 17,235 വോട്ടിന് രാം ബാലക് സിങ് വിജയിച്ച മണ്ഡലമാണിത്.
സി.പി.ഐ ഒരു സീറ്റിൽ വിജയിച്ചിട്ടുണ്ട്. രണ്ട് സീറ്റിൽ മുന്നിലുമാണ്. ബക്രി മണ്ഡലത്തിൽ 777 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി.പി.ഐയുടെ സൂര്യകാന്ത് പാസ്വാൻ ജയിച്ചത്. ബി.ജെ.പിയുടെ രാംശങ്കർ പാസ്വാനെയാണ് പരാജയപ്പെടുത്തിയത്.
സി.പി.ഐ (എം.എൽ) ഒമ്പത് സീറ്റിൽ വിജയിച്ച് വൻ കുതിപ്പ് നടത്തി. മൂന്ന് സീറ്റിൽ മുന്നിട്ടുനിൽക്കുകയുമാണ്. 19 സീറ്റുകളിലാണ് സി.പി.ഐ(എം.എൽ) മത്സരിച്ചത്. സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലുമാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.