ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് നേരെയുള്ള കുറ്റകൃത്യ കേസുകൾ വൻതോതിൽ കൂടിയതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് എസ്.സി വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന കുറ്റകൃത്യ കേസുകൾ ഏഴുശതമാനവും എസ്.ടി വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന കേസുകൾ 26 ശതമാനവും വർധിച്ചതായി നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
2018ൽ എസ്.സി വിഭാഗങ്ങൾക്കെതിരെയുണ്ടായ കുറ്റകൃത്യങ്ങളിൽ രജിസ്റ്റർ ചെയ്തത് 42,793 കേസുകളായിരുന്നു. 2019ൽ ഇത് 7.3 ശതമാനം വർധിച്ച് 45,935 ആയി. 2019ൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 2019ൽ യു.പിയിൽ മാത്രം 11,829 കേസുകൾ രജിസ്റ്റർ ചെയ്തു. രാജസ്ഥാനിൽ 6,794, ബിഹാറിൽ 6544 കേസുകളും രജിസ്റ്റർ ചെയ്തു.
എസ്.സി വിഭാഗത്തിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന ബലാത്സംഗ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിലാണ്. 554 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ 537ഉം മധ്യപ്രദേശിൽ 510 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.
എസ്.ടി വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കഴിഞ്ഞവർഷം മാത്രം 8,257 കേസുകൾ രജിസ്റ്റർ ചെയ്തു. 2018ൽ ഇത് 6,258 ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ കേസുകൾ 26.5 ശതമാനമാണ് വർധിച്ചത്. എസ്.ടി വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ്. 1922 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. രാജസ്ഥാൻ 1,797, ഒഡീഷ 576 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് നേരെ നടക്കുന്ന ബലാത്സംഗ കേസുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിലാണ്. 358 കേസുകൾ രജിസ്റ്റർ ചെയ്തു. ഛത്തീസ്ഗഡിൽ 180ഉം മഹാരാഷ്ട്രയിൽ 114ഉം കേസുകൾ രജിസ്റ്റർ ചെയ്തു.
രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വൻ വർധനയുണ്ടായിട്ടുണ്ട്. 2019ൽ 51,56,172 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2018ൽ 50,74,635 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യ കേസുകളിൽ 1.6 ശതമാനം വർധനയുണ്ടായതായും എൻ.സി.ആർ.ബി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.