മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ബോംബെ ഹൈകോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസിൽ ഹാജരാകണമെന്ന നിബന്ധനയാണ് കോടതി ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് ആര്യൻ ഖാൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആവശ്യപ്പെടുന്നത് പ്രകാരം ഏജൻസിയുടെ ഡൽഹി ഓഫിസിൽ ഹാജരായാൽ മതിയെന്ന് ജസ്റ്റിസ് എൻ.ഡബ്ല്യു. സാംബ്രെ പറഞ്ഞു. മുംബൈക്ക് പുറത്തേക്കുള്ള യാത്രാവിവരങ്ങൾ നൽകണമെന്ന വ്യവസ്ഥയിലും മാറ്റമുണ്ട്. എൻ.സി.ബി ഓഫിസിൽ ഹാജരാകാനായി ഡൽഹിക്ക് പോകുന്നതിന്‍റെ യാത്രാവിവരങ്ങൾ നൽകേണ്ടതില്ല. എന്നാൽ, മറ്റ് യാത്രകളുടെ വിവരം നൽകുന്നത് തുടരണം.
എൻ.സി.ബി മുംബൈ ഓഫിസിൽ ഹാജരാകുന്നതിൽ ഇളവ് അനുവദിക്കണമെന്ന് ആര്യൻ കോടതിയോട് അഭ്യർഥിച്ചിരുന്നു. ആഴ്ചതോറും എൻ.സി.ബി ഓഫിസിലെത്തുമ്പോൾ മാധ്യമങ്ങളുടെ നിരന്തര ചോദ്യങ്ങൾക്ക് താൻ ഇരയാവുകയാണ്. അതിനാൽ കനത്ത പൊലീസ് സുരക്ഷയും ആവശ്യമായി വരുന്നു. ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാൻ അനുവദിക്കണമെന്നും എല്ലാ ആഴ്ചയും എൻ.സി.ബി ഓഫിസിൽ ഹാജരാകുന്നതിൽ ഇളവ് നൽകണമെന്നുമായിരുന്നു ആര്യന്‍റെ അഭ്യർഥന.
നിലവിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഡൽഹിയിലെ കേന്ദ്ര സംഘമാണ് ആര്യൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ നിന്ന് എൻ.സി.ബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബരക്കപ്പൽ മയക്കുമരുന്ന് പാർട്ടി കേസിൽ അറസ്റ്റിലാകുന്നത്. 25 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒക്ടോബർ 28നാണ് ആര്യൻ ജാമ്യം നേടി പുറത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.