ന്യൂഡൽഹി: ഒരു കേസിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യം തേടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി. ഒരു കേസിൽ തടവിലായ പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടോ എന്ന നിയമപരമായ ചോദ്യം ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
ആ കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടാത്തിടത്തോളം പ്രതിക്ക് മുൻകൂർ ജാമ്യം തേടാൻ അർഹതയുണ്ടെന്നും ആ കേസിലും അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ പതിവ് ജാമ്യത്തിന് അപേക്ഷിക്കുക മാത്രമാണ് പ്രതിവിധിയെന്നും കോടതി വ്യക്തമാക്കി. ചോദ്യം ഉന്നയിച്ച് 2023ൽ ധനരാജ് അസ്വാനി എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് വിധി വന്നത്.
"മറ്റൊരു കുറ്റവുമായി ബന്ധപ്പെട്ട് പ്രതി കസ്റ്റഡിയിലാണെങ്കിലും മുൻകൂർ ജാമ്യം അനുവദിക്കുന്നത് തടയുന്ന വ്യക്തമായതോ പരോക്ഷമായതോ ആയ നിയന്ത്രണങ്ങളൊന്നുമില്ല. എല്ലാ അവകാശങ്ങളും പ്രതിക്ക് നൽകിയിരിക്കുന്നു. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളയാൾക്ക് മറ്റൊരു കുറ്റകൃത്യത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ, കസ്റ്റഡിയിലായിരിക്കുമ്പോൾ പോലും പൊലീസിന് രണ്ടാമത്തെ കുറ്റത്തിൽ അയാളെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. ഒരു കേസിൽ കസ്റ്റഡി മറ്റൊരു കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടാനുള്ള അവകാശം ഇല്ലാതാക്കില്ല" -കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.