ന്യൂഡൽഹി: കസ്റ്റംസ് തീരുവ ഈടാക്കാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഓഫിസർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. കാനൻ ഇന്ത്യാ ലിമിറ്റഡ് കേസിലെ മുൻ ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. 1962ലെ കസ്റ്റംസ് നിയമം 28ാം വകുപ്പ് അനുസരിച്ച് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥരുടെ ഗണത്തിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥരും ഉൾപ്പെടുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
ഇതോടെ വേദാന്ത, വോഡഫോൺ ഐഡിയ, അദാനി എൻറർപ്രൈസസ്, ടി.വി.എസ്, സാംസങ് ഇന്ത്യ, ഗോദ്റെജ് ആൻഡ് ബോയ്സ് മാനുഫാക്ചറിങ്, ബി.എസ്.എൻ.എൽ, ഡെയ്കിൻ, സോണി ഇന്ത്യ, കാനൻ, നിക്കോൺ ഇന്ത്യ, സെൻഹൈസർ, യാകുൾട്ട് ഡാനോൺ എന്നിവയുൾപ്പെടെ 13 കമ്പനികൾക്കെതിരെ 23,000 കോടി തീരുവ ആവശ്യപ്പെടുന്ന ഡി.ആർ.ഐ നോട്ടീസുകളിൽ നടപടികൾ തുടരാൻ ധനമന്ത്രാലയത്തിനാവും. 2021ൽ കസ്റ്റംസ് തീരുവ ആവശ്യപ്പെട്ട് ഡി.ആർ.ഐ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് കാനൻ ഇന്ത്യ ലിമിറ്റഡാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന്, ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് ഈ അധികാരമില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ കസ്റ്റംസ് നൽകിയ പുനഃപരിശോധന ഹരജിയിലാണ് പുതിയ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.