കൊൽക്കത്ത: ദാന ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ നാലായി. പുർബ ബർധമാൻ ജില്ലയിലെ ബഡ് ബഡിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ സ്പർശിച്ചതിനെ തുടർന്ന് ചന്ദൻ ദാസ് (31) എന്ന സിവിൽ വോളന്റിയർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പോലീസ് സംഘത്തോടൊപ്പം പുറത്തുപോകുമ്പോഴായിരുന്നു സംഭവം. മറ്റൊരു സംഭവത്തിൽ ഹൗറ മുനിസിപ്പൽ കോർപറേഷനിലെ ജീവനക്കാരനെ തന്തിപ്പാറയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുങ്ങി മരിച്ചതാണെന്നാണ് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
വൈദ്യുതാഘാതമേറ്റ് രണ്ട് മരണങ്ങൾ സംസ്ഥാനത്ത് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ പഥർപ്രതിമയിൽ ഒരാളും തെക്കൻ കൊൽക്കത്തയിലെ ഭബാനിപൂർ ഏരിയയിൽ മറ്റൊരാളും മരിച്ചിരുന്നു.
വെള്ളിയാഴ്‌ച പുലർച്ചെ കിഴക്കൻ തീരത്ത് വീശിയ ദാന ചുഴലിക്കാറ്റ് കനത്ത മഴക്കും അതിവേഗ കാറ്റിനും കാരണമായി. മരങ്ങളും വൈദ്യുത തൂണുകളും പിഴുതെറിഞ്ഞു.
ഒഡീഷയിലും പശ്ചിമ ബംഗാളിലും ദാന അടിസ്ഥാന സൗകര്യങ്ങൾക്കും കാർറഷിക വിളകൾക്കും കനത്ത നാശം വരുത്തി. വെള്ളിയാഴ്ച പുലർച്ചെ 12.05ഓടെ ഭിതാർകനികയ്ക്കും ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധമ്രയ്ക്കും ഇടയിൽ 110 കിലോമീറ്റർ വേഗത്തിൽ ആരംഭിച്ച കാറ്റ് രാവിലെ 8.30ഓടെയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.