ഭുവനേശ്വർ: ജവാദ് ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് ഒഡീഷ തീരത്ത് ചുവപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒഡീഷയിൽ ഡിസംബർ മൂന്നു മുതൽ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഡിസംബർ നാലിന് ജവാദ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്ത് കൂടി കരയിൽ തൊടുമെന്നാണ് നിഗമനം. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ മണിക്കൂറിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 90 കിലോമീറ്റർ വരെ എത്തിയേക്കും.
ഒഡീഷയിലെ ഗജാപതി, ഗഞ്ചം, പുരി, ജഗത്സിങ് പൂർ എന്നീ നാലു ജില്ലകളെയാണ് ചുഴലിക്കാറ്റ് ഭീഷണിയാണ്. നാലു ജില്ലകളിലും 20 സെന്‍റീമീറ്ററിന് മുകളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. ഒഡീഷ കൂടാതെ ഡിസംബർ അഞ്ചിന് പശ്ചിമ ബംഗാളിലും ഡിസംബർ അഞ്ച്, ആറ് ദിവസങ്ങളിൽ അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗലൻഡ്, മണിപ്പൂർ എന്നീ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
ആന്തമാനിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ശക്തിയേറിയ ന്യൂനമർദം നിലനിൽക്കുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ അത് തീവ്ര ന്യൂനമർമായി മാറും. മധ്യ ബംഗാൾ ഉൾക്കടലിൽവെച്ച് ജവാദ് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി രൂപമാറുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
ജാഗ്രതാ നിർദേശത്തിന് പിന്നാലെ ഒഡീഷ സർക്കാർ സ്ഥിതിഗതികൾ വിലയിരുത്താനും ക്രമീകരണങ്ങൾ ചെയ്യാനും ജില്ല കലക്ടർമാർക്ക് നിർദേശം നൽകി. 13 ജില്ലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ദുരന്ത പ്രതിരോധ സേനക്കും ഒഡീഷ ദുരന്ത പ്രതികരണ സേനക്കും അഗ്നിശമനസേനക്കും ഒരുങ്ങിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.