ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഗ്ജോം ചുഴലിക്കൊടുങ്കാറ്റ് തീരം തൊടാനിരിക്കെ ഒഡീഷയിൽ മുൻകരുതൽ പ്രവർത്തനം ഊർജിതമാക്കി സംസ്ഥാന സർക്കാർ. ഒഡീഷയിലെ മുഴുവൻ തീരപ്രദേശത്തും തെക്കൻ ജില്ലകളിലെ കലക്ടർമാർക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, കൃഷി വകുപ്പിന്‍റെ ഫീൽഡ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി.
ഒഡീഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഗജപതി, ഗൻജം, പുരി, ജഗത്സിങ് പൂർ എന്നീ പ്രദേശങ്ങളിൽ പ്രവേശിക്കുമ്പോൾ 35-45 മുതൽ 55 വരെ വേഗത ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തുടർന്ന് 40-50 മുതൽ 60 കിലോമീറ്റർ വരെ കാറ്റിന്‍റെ വേഗത വർധിക്കാനും സാധ്യതയുണ്ട്.
ഗജപതി ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അങ്കണവാടികൾക്കുമാണ് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ചുഴലിക്കൊടുങ്കാറ്റിന് മുന്നോടിയായി വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലയിലെ തഹസിൽദാർമാർക്കും ജാഗ്രതാ നിർദേശം നൽകാൻ പി.ആർ.ഡിക്കും ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
ഒഡീഷയിലെ തെക്കൻ ഭാഗങ്ങളിലും തീര പ്രദേശങ്ങളിലും നാളെ വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാക്കൻഗിരി, കോരാപുട്ട്, റായ്ഗഡ്, ഗജപതി, ഗൻജം, പുരി, കാണ്ഡമൽ, നബരൻഗഞ്ച്, കാലഹണ്ടി, നയാഗഡ്, ഖുർദ, ജഗത്സിങ് പൂർ, കട്ടക് എന്നിവിടങ്ങളിലാണ് ഇടിയോട് കൂടിയ മഴക്ക് സാധ്യതയുള്ളത്.
തെക്കൻ ആന്ധ്ര തീരത്തേക്കു നീങ്ങുന്ന മിഗ്ജോം ചുഴലിക്കൊടുങ്കാറ്റ് ഇന്ന് ഉച്ചക്ക് നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിൽ ബാപട്ലക്കു സമീപം മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ കരയിൽ തൊടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ആന്ധ്രയിൽ മൂന്നു ദിവസം കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.