ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'യാസ്' ചുഴലിക്കാറ്റ് 24 മണിക്കൂറിനകം ശക്തിപ്രാപിച്ചു തീവ്രതയേറിയ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ കാറ്റ് ഒഡീഷയുടെയും പശ്ചിമ ബംഗാളിന്റെയും തീരത്തെത്തുമെന്നാണ് കരുതുന്നത്. കാറ്റിൻറെ പശ്ചാത്തലത്തിൽ ഈസ്റ്റ് കോസ്റ്റ് റെയിൽവേ 90 ട്രെയിനുകൾ റദ്ദാക്കി. കൂടുതൽ ട്രെയിനുകൾ റദ്ദാക്കാനുള്ള സാധ്യതയുണ്ട്.
ഒഡിഷയിലെ പാരദ്വീപിന് 540 കിലോമീറ്റർ അകലെയാണ് ഇപ്പോൾ കാറ്റിൻറെ സ്ഥാനം. വടക്ക്, വടക്ക് - പടിഞ്ഞാറ് ദിശയിലായാണ് കാറ്റ് സഞ്ചരിക്കുന്നത്. അടുത്തദിവസംതന്നെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്.
മേയ് 26ന് രാവിലെയോടെ കാറ്റ് കരയിലേക്ക് കടക്കുമെന്നാണ് നിഗമനം. കരയിൽ എത്തുമ്പോൾ പരമാവധി മണിക്കൂറിൽ 180 കിലോമീറ്റർ വരെയായിരിക്കും വേഗം.
ഒഡിഷയിലെയും പശ്ചിമബംഗാളിലെയും തീര ജില്ലകളിൽ കനത്ത ജാഗ്രതാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. കേന്ദ്ര ദുരന്ത നിവാരണ സേനയും നാവിക സേനയും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.