സൈറസ് മിസ്ത്രിയുടെ മരണം: അശ്രദ്ധമായി വാഹനമോടിച്ചതിന് ഗൈനക്കോളജിസ്റ്റിനെതിരെ കേസെടുത്തു

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ് മുൻ ചെയർമാനുമായിരുന്ന സൈറസ് മിസ്ത്രിയുടെ അപകട മരണത്തിൽ പ്രമുഖ ഗൈനക്കോളജിസ്റ്റ് അനഹിത പാൻഡോളിനെതിരെ കേസെടുത്തു. അശ്രദ്ധയോടെ വാഹനമോടിച്ചതിനാണ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

മഹാരാഷ്ട്രയിലെ പാർഘർ ജില്ലയി​ൽ സെപ്റ്റംബറിൽ നടന്ന വാഹനാപകടത്തിലാണ് സൈറസ് മിസ്ത്രി മരിച്ചത്. കാറിലെ ഡാറ്റ ചിപ് പരിശോധിച്ച് മെഴ്സിഡസ് ബെൻസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. ഡോക്ടറുടെ ഭർത്താവ് ഡാരിയസിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോകുമ്പോഴാണ് മിസ്ത്രി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.

മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പാൻഡോളും സംഭവസ്ഥലത്തു​ വെച്ചു തന്നെ മരിച്ചു. ഇവർ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡാരിയസ് പാൻഡോളിനെ കഴിഞ്ഞാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. അനഹിത മുംബൈ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ചറോട്ടി​ ടോൾ പ്ലാസയിൽ നിന്ന് ഒരു കി.മി അകലെ സൂര്യ നദിക്ക് കുറുകെയുള്ള മേൽപാലത്തിലാണ് അപകടമുണ്ടായത്. മൂന്നുവരിപ്പാത ലയിച്ച് രണ്ടായി ചേരുന്നിടത്താണ് അപകടം നടന്നത്. വേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഇടതുവശത്തുകൂടെ ഓവർടേക് ചെയ്യുന്നതിനിടെയാണ് ഇടിച്ചുമറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Cyrus Mistry death: FIR lodged against Dr Anahita Pandole for negligent driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.