മുംബൈ: നാലു വയസ്സുകാരനെ പുലി ആക്രമിച്ചു. ആരെ മിൽക്ക് കോളനിയിലെ ആദർശ് നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി നടന്നുവരുന്നതിനിടെ മകനെ ആക്രമിക്കുന്നത് കണ്ട് പിതാവ് ബഹളം വെച്ചതോടെ പുലി പിൻവാങ്ങുകയായിരുന്നു. കുഞ്ഞിന് തൊട്ടുപിന്നിലായാണ് പിതാവ് നടന്നിരുന്നത്. പൊടുന്നനെ ചാടിവീണ പുലി കുട്ടിയെ അൽപദൂരം വലിച്ചിഴച്ചു. സഹായത്തിനായി പിതാവ് അലറിവിളിച്ചതോടെ കുഞ്ഞിന്റെ മേലുള്ള പിടിവിട്ട് പുലി ഓടി മറയുകയായിരുന്നു.
ഹിമാൻഷു യാദവ് എന്ന നാലു വയസ്സുകാരനാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. പുലിയുടെ ആക്രമണത്തിൽ പുറംഭാഗത്ത് പരിക്കുകളേറ്റെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. പിതാവിനൊപ്പം വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ പുലി ആക്രമിച്ചത്.
തുടർന്ന് ഹിമാൻഷുവിനെ ജോഗേശ്വരിയിലെ ബാലാസാഹെബ് താക്കറെ ട്രോമ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ഗുരുതര പരിക്കുകൾ ഏൽക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് പിതാവും നാട്ടുകാരും പിന്നീട് പറഞ്ഞു.
കുട്ടിയെ ആക്രമിച്ച ശേഷം പുലി പ്രദേശത്തെ ഒരു തെരുവുനായയെയും ആക്രമിച്ചതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. മെയിൻ റോഡിൽ കുറ്റിക്കാടുകൾക്കരികെ നിർത്തിയിട്ട ട്രക്കിനടിയിൽ പുലിയെ കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ആദർശ് നഗറിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വളണ്ടിയർമാരും രാത്രി വൈകിയും പുലിയെ കണ്ടിരുന്നു. പ്രദേശത്ത് വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആരെ പ്രദേശത്ത് വന്യജീവികൾ മനുഷ്യരെ ആക്രമിക്കുന്നത് സമീപകാലത്ത് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.