ക്രിസ്​ത്യൻ, ഇസ്​ലാം മതം സ്വീകരിക്കുന്ന പട്ടികജാതിക്കാർക്ക്​ സംവരണ ആനുകൂല്യമില്ല; ​ ഹിന്ദു, സിഖ്, ബുദ്ധമതങ്ങൾക്ക്​ ബാധകമല്ലെന്നും മന്ത്രി

ന്യൂഡൽഹി: ക്രിസ്​​ത്യൻ, ഇസ്​ലാം മതം സ്വീകരിക്കുന്ന പട്ടികജാതിക്കാർക്ക്​ ​തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകളിൽ മത്സരിക്കുന്നത്​ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്ക്​ അർഹതയില്ലെന്ന്​ മന്ത്രി. ഇങ്ങിനെ മതപരിവർത്തനം നടത്തുന്നവർക്ക്​ സംവരണ നിയോജകമണ്ഡലങ്ങളിൽ നിന്ന് പാർലമെന്‍റ്​ അല്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയില്ലെന്നും മറ്റ് സംവരണ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസങ്ങൾ സ്വീകരിക്കുന്ന പട്ടികജാതിക്കാർക്ക്​ ആനുകൂല്യങ്ങൾക്ക്​ അർഹത ഉണ്ടെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.


ബി.ജെ.പി അംഗം ജി.വി.എൽ.നരസിംഹറാവുവിന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. ഭരണഘടനയുടെ 3-ാം ഖണ്ഡികയുടെ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധമതം എന്നിവയിൽ നിന്ന് വ്യത്യസ്തമായ ഒരു മതം അവകാശപ്പെടുന്ന ഒരു വ്യക്തിയെയും ആനുകൂല്യങ്ങൾക്ക്​ പരിഗണിക്കില്ല' -മന്ത്രി പറഞ്ഞു. ന്യൂനപക്ഷ മതങ്ങളായ മുസ്ലീം, ക്രിസ്​ത്യൻ വിഭാഗങ്ങളിലേക്ക്​ മാറുന്ന പട്ടികജാതിക്കാർക്കും സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ കിട്ടുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യുമോയെന്ന്​ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്​ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ ഹിന്ദു, ബുദ്ധ, സിഖ് മതവിഭാഗങ്ങളിൽപ്പെട്ട പട്ടികജാതിക്കാർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്ന് നിയമമന്ത്രി ആവർത്തിച്ചു.


ജവഹർലാൽ നെഹ്‌റുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ 1950ൽ 'പട്ടികജാതി' എന്നതിന്‍റെ നിർവചനം ഹിന്ദു വിശ്വാസത്തിലെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ഇത് 1956ൽ സിഖുകാർക്കും 1990ൽ ബുദ്ധമതക്കാർക്കുമായി വ്യാപിപ്പിച്ചു. സുപ്രീം കോടതി 2015 ലെ വിധിന്യായത്തിൽ ഇത്​ ശരിവച്ചിട്ടുണ്ട്​. ജാതി ആനുകൂല്യങ്ങൾ ഇന്ത്യൻ സമുദായങ്ങൾക്ക് മാത്രമുള്ളതാണെന്നാണ്​ കോടതിയുടെ നിരീക്ഷണം. 'അത്തരമൊരു വ്യക്തി ഹിന്ദുവിൽ നിന്ന്​ മാറി ക്രിസ്ത്യാനിയാകുമ്പോൾ, ഹിന്ദുമതം കാരണം ഉണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ ഇല്ലാതാകുന്നു. അതിനാൽ അദ്ദേഹത്തിന് സംരക്ഷണം നൽകേണ്ട ആവശ്യമില്ല. ഇക്കാരണത്താൽ അദ്ദേഹത്തെ പട്ടികജാതിയിൽ പരിഗണിക്കുന്നില്ല' -കോടതി വിധിന്യായത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.