‘ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കാൻ ബി.ജെ.പി പുതിയ ആഖ്യാനമുണ്ടാക്കുന്നു’; നിഷികാന്ത് ദുബെയുടെ സ്പീക്കർക്കുള്ള കത്തിൽ ആശങ്കയുമായി ഡാനിഷ് അലി

ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയാക്കാൻ ബി.ജെ.പി പുതിയ ആഖ്യാനം ചമക്കുകയാണെന്ന് ലോക്സഭയിൽ മുസ്‍ലിം വിദ്വേഷത്തിനിരയായ ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലി. നിന്ദ്യമായ വംശീയാധിക്ഷേപം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിധുരിയെ സസ്പെൻഡ് ചെയ്യാൻ സമ്മർദം മുറുകിയ ഘട്ടത്തിൽ അതിന് തടയിടാൻ ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ സ്പീക്കർക്ക് അയച്ച കത്തിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡാനിഷ് അലി ആശങ്കപ്രകടിപ്പിച്ചത്.

സഹ സഭാംഗത്തിനെതിരെ രമേശ് ബിധുരി നടത്തിയ വാക്കുകൾ അനുചിതമാണെന്നും മറ്റൊരംഗത്തിന്റെ മതപരവും സാംസ്കാരികവുമായ വിശ്വാസത്തെക്കുറിച്ചുള്ള അത്തരം പരാമർശങ്ങളെ താൻ പിന്തുണക്കുന്നില്ലെന്നും പറഞ്ഞ ശേഷമാണ് നിഷികാന്ത് ദുബെ ഗുരുതരമായ പുതിയ ആരോപണം ഡാനിഷിനെതിരെ കത്തിൽ ഉന്നയിച്ചത്. ബിധുരിയുടെ പ്രസംഗത്തിനിടെ ഡാനിഷ് അലി ‘റണിങ് കമന്ററി’ നടത്തിയെന്നും പ്രസംഗം തടസ്സപ്പെടുത്താൻ മോശം പരാമർശം നടത്തിയെന്നും അതിനാലാണ് പ്രകോപിതനായതെന്നുമുള്ള ന്യായീകരണമാണ് ദുബെ നിരത്തിയത്.

‘താഴ്ന്നവനെ താഴ്ന്നവൻ എന്നല്ലാതെ പിന്നെന്തുപറയും’ എന്ന് മൈക്കില്ലാതെ ഡാനിഷ് അലി പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞുവെന്ന ഗുരുതര ആരോപണം നിഷികാന്ത് ദുബെ തിരിച്ചുന്നയിക്കുകയും ചെയ്തു.

ഈ പ്രയോഗം മതി ഒരു ജനപ്രതിനിധിക്ക് തന്റെ നിയന്ത്രണം വിടാനെന്ന് ദുബെ കൂട്ടിച്ചേർത്തു. അതിനാൽ ഡാനിഷ് അലിയും മറ്റു ചില എം.പിമാരും രമേഷ് ബിധുരിക്കെതിരെ ആവശ്യപ്പെടുന്ന നടപടി ഏകപക്ഷീയമായി അനുവദിക്കരുതെന്നാണ് നിഷികാന്ത് ദുബെയുടെ കത്തിലുള്ളത്.

രമേശ് ബിധുരിക്ക് തുടരാൻ അർഹതയില്ല -ഉദ്ധവ് പക്ഷ ശിവസേന

മുംബൈ: ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലിയെ മതത്തിന്റെ പേരിൽ ലോക്സഭയിൽ അധിക്ഷേപിച്ച ബി.ജെ.പി എം.പി രമേശ് ബിധുരിക്ക് പാർലമെന്റിൽ തുടരാൻ അർഹതയില്ലെന്ന് ഉദ്ധവ് പക്ഷ ശിവസേന. ഒരു എം.പി മറ്റൊരു എം.പിയെ ഭീകരനെന്നും തീവ്രവാദിയെന്നും വിളിക്കുക മാത്രമല്ല, ആ എം.പിയുടെ മതത്തെയും ജാതിയെയും അധിക്ഷേപിക്കുകകൂടി ചെയ്തുവെന്ന് പാർട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാർലമെന്റിന്റെ മഹത്ത്വവും അന്തസ്സും കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. പാർലമെന്റിലെ ചട്ടം എല്ലാവർക്കും ബാധകമാണ്.

ആപ് എം.പിമാരെയും കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെയും സഭയിൽനിന്ന് സസ്പെൻഡ് ചെയ്തവർ രമേശ് ബിധുരിക്ക് നോട്ടീസ് മാത്രമാണ് നൽകിയത്. പഴയ പാർലമെന്റ് മന്ദിരത്തിൽ 10 വർഷത്തിലേറെ ഭരണത്തിൽ ആരും വാഴില്ലെന്ന ജ്യോതിഷിയുടെ ഉപദേശത്തെ തുടർന്നാണ് ഖജനാവിൽനിന്ന് 20,000 കോടി രൂപ ചെലവഴിച്ച് പുതിയ മന്ദിരം പണിതതെന്നും റാവുത്ത് ആരോപിച്ചു.

Tags:    
News Summary - Danish Ali expresses concern over Nishikant Dubey's letter to Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.