ന്യൂഡൽഹി: കോൺഗ്രസിനെ ജാതീയ പാർട്ടിയെന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. പാർട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് ഹാർദിക്കിന്‍റെ വിമർശനം. അഹമ്മദാബാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസാണ് ഏറ്റവും വലിയ ജാതീയ പാർട്ടിയെന്നും സംസ്ഥാന ഘടകത്തിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായ തനിക്ക് രണ്ട് വർഷമായി ചുമതലകളൊന്നും നൽകിയിട്ടില്ലെന്നും പാട്ടിദാർ നേതാവ് ആരോപിച്ചു. എക്‌സിക്യുട്ടീവ് ചെയർമാന്റെ ചുമതലകൾ കടലാസിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം താൻ ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ചേരുമെന്ന വാർത്ത ഹാർദിക് പട്ടേൽ തള്ളിക്കളഞ്ഞു. ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
കോൺഗ്രസിൽ ചേരുന്നതിൽ നിന്ന് വിലക്കിയിട്ടും താനങ്ങനെ ചെയ്തതിന് പാട്ടിദാർ നേതാക്കളോട് ഹാർദിക് മാപ്പ് പറഞ്ഞു. കോൺഗ്രസിൽ ചേരുന്നതിൽ അവർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഇന്ന് താൻ അത് തിരിച്ചറിയുന്നുണ്ടെന്നും ഹാർദിക് വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയിൽ അഴിമതിയാണ് നടക്കുന്നതെന്നും ഹാർദിക് ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ദഹോദ് ആദിവാസി സത്യാഗ്രഹ റാലിയിൽ 25,000ത്തോളം പേർ പങ്കെടുത്തിരുന്നുവെങ്കിലും 70,000 ത്തിന്റെ ബില്ലാണ് നൽകിയതെന്നും കോൺഗ്രസിലെ അഴിമതിയുടെ നിലവാരം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിച്ചപ്പോൾ സംസ്ഥാനത്തെ ഒരു വിഷയം പോലും ചർച്ച ചെയ്തില്ലെന്നും പട്ടേൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 18നാണ് ഹാർദിക് പട്ടേൽ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ട്വിറ്ററിൽ രാജിക്കത്തിന്‍റെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം വിവരം ആളുകളെയറിയിച്ചത്. ഡൽഹിയിൽ നിന്നെത്തിയ നേതാക്കൾക്കുള്ള ചിക്കൻ സാൻഡ്‌വിച്ച് കൃത്യസമയത്ത് എത്തിക്കുന്നതിലാണ് കോൺഗ്രസിന്റെ മുതിർന്ന നേതൃത്വം കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.