ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനർജന്മം നൽകി റോഡിലെ കുഴി

ചണ്ഡീഗഢ്: ഇന്ത്യയിലെ റോഡുകൾ മരണപാതകളാണെന്ന് പറയാറുണ്ട്. റോഡിലെ കുഴികളിൽ വീണ് നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നത്.

ഗുരുതരമായി പരിക്കേൽക്കുന്നവർ വേറെയും. എന്നാൽ, ജീവനെടുക്കാൻ മാത്രമല്ല, ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും റോഡിലെ കുഴികൾ സഹായിക്കും. ഇത്തരത്തിലൊരു വാർത്തയാണ് ഹരിയാനയിൽനിന്ന് വരുന്നത്. മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ പട്യാല സ്വദേശി ദർശൻ സിങ് ബ്രാറിനാണ് റോഡിലെ കുഴിയിൽ വീണതിനെത്തുടർന്ന് പുനർജന്മം കിട്ടിയത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദർശൻ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ദർശന്‍റെ മൃതദേഹം ആംബുലൻസിലാണ് പട്യാലയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കർനാലിലേക്കുള്ള വീട്ടിലേക്ക് ബന്ധുക്കൾ കൊണ്ടുപോയത്.

യാത്രക്കിടെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ആംബുലൻസ് റോഡിലെ കുഴിയിൽ വീണു. ഈ സമയം ദർശന്‍റെ കൈ അനങ്ങുന്നത് ആംബുലൻസിലുണ്ടായിരുന്ന ചെറുമകന്‍റെ ശ്രദ്ധയിൽപ്പെട്ടു. നോക്കിയപ്പോൾ ഹൃദയമിടിപ്പും അനുഭവപ്പെട്ടു. ഉടൻ ആംബുലൻസ് ഡ്രൈവറോട് തൊട്ടടുത്ത ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു.

ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ ജീവനുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ കർനാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ ദർശന്‍റെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ദർശന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും അണുബാധ കാരണം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Dead Man' Comes Alive After Ambulance Hits Pothole In Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.