കട ഉടമ ഹിന്ദുവോ മുസ്‍ലിമോ എന്നറിയാൻ യു.പിയിലെ ഉത്തരവ് സഹായിക്കുമെന്ന് രാമക്ഷേത്ര പുരോഹിതൻ

ലഖ്നോ: കൻവാർ തീർഥാടകർ കടന്നുപോകുന്ന യു.പി മുസഫർ നഗർ ജില്ലയിലെ 240 കിലോ മീറ്റർ റൂട്ടിലുള്ള ഹോട്ടലുകളും പഴക്കടകളും ഉടമകളുടെ പേര് വലിപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്ന യു.പി പൊലീസ് ഉത്തരവിനെതിരെ വിമർശനം കടുക്കുന്നതിനിടെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. ഉത്തരവ് സാമൂഹിക കുറ്റകൃത്യമാണെന്നും ഉടമയുടെ പേരിൽനിന്ന് എന്താണ് തിരിച്ചറിയാൻ കഴിയുക എന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചോദിച്ചു. സർക്കാർ നടപടിക്കെതിരെ കോടതി ഇടപെടണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

എന്നാൽ, കട ഉടമ ഹിന്ദുവാണോ മുസ്‍ലിമാണോ എന്ന് തിരിച്ചറിയാൻ യോഗി ആദിത്യ നാഥിന്റെ തീ​രുമാനം സഹായിക്കുമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സതേന്ദ്ര ദാസ് പറഞ്ഞു. 

"ഗുഡ്ഡു, മുന്ന, ഛോട്ടു അല്ലെങ്കിൽ ഫത്തേഹ് എന്നിങ്ങനെ വ്യക്തികളുടെ പേരിൽ നിന്ന് എന്താണ് അറിയാൻ കഴിയുക? ഇത്തരം വിവേചന ഉത്തരവിന് പിന്നിലെ സർക്കാരിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട കോടതി സ്വമേധയാ അന്വേഷണം നടത്തി ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം. സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം നശിപ്പിക്കാൻ ആഗ്രഹിക്കുന്ന സാമൂഹിക കുറ്റകൃത്യങ്ങളാണ് പ്രസ്തുത ഉത്തരവുകൾ’ -അഖിലേഷ് യാദവ് എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

‘കടയുടമകൾ ഹിന്ദുവാണോ മുസ്‍ലിമാണോ എന്ന് വ്യക്തമായി തിരിച്ചറിയാൻ മുസ്‍ലിംകളുടെ കടകൾക്ക് മുസ്‍ലിം പേരും ഹിന്ദുക്കളുടെ കടകൾക്ക് ഹിന്ദു പേരും നൽകണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഇതിനെ എതിർക്കുന്നത് തെറ്റാണ്. ഉടമ ഹിന്ദുവാണോ മുസ്‍ലിമാണോ എന്ന് പ്രദർശിപ്പിക്കണമെന്ന മുഖ്യമന്ത്രി യോഗി ജിയുടെ തീരുമാനം ന്യായമാണ്. ചിലർ മനസ്സിലാക്കുന്നതുപോലെ വിവേചനപരമല്ല’ - രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ ദാസ് പറഞ്ഞു.

സർക്കാർ തീരുമാനത്തിനെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായി രംഗത്തുവന്നു. തീർത്തും അപ്രായോഗികവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമാണ് സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഇത് തികച്ചും അപ്രായോഗികമാണ്. സമൂഹത്തിലെ സാഹോദര്യബോധം തകർക്കാനും ആളുകൾക്കിടയിൽ അകലം ഉണ്ടാക്കാനുമാണ് ഇത്തരം ഉത്തരവുകളിലൂടെ ശ്രമിക്കുന്നത്. ഈ തീരുമാനം ഉടൻ റദ്ദാക്കണം. ഇത് അടിച്ചേൽപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും സസ്പെൻഡ് ചെയ്യുകയും വേണം’ -അജയ് റായ് ആവശ്യപ്പെട്ടു.

അതേസമയം, കൻവാർ റൂട്ടിൽ ഹിന്ദു ദൈവ നാമത്തിൽ മുസ്‍ലിംകൾ നടത്തുന്ന കടകൾ പുട്ടിക്കണമെന്ന് ഉത്തർപ്രദേശ് സഹമന്ത്രി കപിൽ ദേവ് അഗർവാൾ പറഞ്ഞു. ‘‘ഹരിദ്വാറിൽ നിന്ന് ഗംഗാ ജലം ചുമന്ന് 250-300 കിലോമീറ്റർ യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ റൂട്ടിലൂടെയയാണ് പോകുന്നത്. ഹിന്ദു ദൈവങ്ങളുടെ പേരുകളിൽ ഭക്ഷണശാലകൾ നടത്തുന്നതിൽ ഭൂരിഭാഗവും മുസ്‍ലിംകളാണെന്നും അത്തരം കടകൾ പൂട്ടിക്കണമെന്നും ഞങ്ങൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ദൈവത്തിന്റെ ​പേരിൽ നോൺ-വെജ് വിൽക്കുന്ന മുസ്‍ലിംകളുടെ കടകൾ നിരോധിക്കണം. നോൺ വെജ് വിൽപനയോട് ഞങ്ങൾക്ക് എതിർപ്പില്ല. ഹിന്ദു ദൈവങ്ങളുടെ പേരുകൾ ഉപയോഗിച്ച് നോൺ വെജ് വിൽക്കരുതെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഭരണകൂടം അതിനനുസരിച്ചാണ് പ്രവർത്തിച്ചത്. രാഷ്ട്രീയക്കാർ ഇതിന് ഹിന്ദു-മുസ്‍ലിം നിറം നൽകുന്നു. എന്നാൽ, ഇത് ഹിന്ദു-മുസ്‍ലിം പ്രശ്നമല്ല. ഇത് സാമൂഹിക സൗഹാർദ്ദത്തിന്റെ പ്രശ്നമാണ്. ആളുകൾക്ക് എവിടെ വേണമെങ്കിലും ഇരുന്നു ഭക്ഷണം കഴിക്കാം. എന്നാൽ, അവർ എവിടെയാണ് ഇരിക്കുന്നതെന്ന് അവർക്ക് മനസ്സിലാകണം’ -കപിൽ ദേവ് അഗർവാൾ പറഞ്ഞു.


Tags:    
News Summary - decision by Yogi Ji to display whether the owner is Hindu or Muslim is justified -acharya satyendra das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.