ഡെറാഡൂൺ: സംസ്ഥാനത്ത് നടപ്പാക്കിയ യൂനിഫോം സിവിൽ കോഡ് (യു.സി.സി) നിയമത്തിനുകീഴിൽ 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്താൽ സംരക്ഷണം അനുവദിക്കാമെന്ന് ലിവ് ഇൻ പങ്കാളികളോട് ഉത്തരാഖണ്ഡ് ഹൈകോടതി. ഒരുമിച്ച് താമസിക്കുന്ന 26 കാരിയായ ഹിന്ദു യുവതിയും 21 കാരനായ മുസ്‌ലിം യുവാവും സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. യൂനിഫോം സിവിൽ കോഡ് ഓഫ് ഉത്തരാഖണ്ഡ് ആക്ട് നിലവിൽ വന്ന ശേഷമുള്ള ഇത്തരത്തിലെ ആദ്യ കേസിലാണ് നടപടി.
സംരക്ഷണം ആവശ്യപ്പെട്ട് ഹരജിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. വ്യത്യസ്ത വിശ്വാസങ്ങളോടെ ജീവിക്കുന്നവരാണെന്നും, തങ്ങളിൽ ഒരാളുടെ ബന്ധുക്കൾ ഭീഷണിപ്പെടത്തുന്നുണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് ഇവർ കോടതിയിൽ ആവശ്യപ്പെട്ടത്.
ഹരജിയിലെ വാദത്തിനിടെ, അടുത്തിടെ നടപ്പിലാക്കിയ ഉത്തരാഖണ്ഡിലെ യൂണിഫോം സിവിൽ കോഡ് സെക്ഷൻ 378(1) പ്രകാരം ലിവ് ഇൻ പങ്കാളികൾ അവർ താമസിക്കുന്ന സ്ഥലത്തെ രജിസ്ട്രാർക്ക് മുന്നിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് ജയിൽ ശിക്ഷയോ പിഴയോ വരെ ലഭിക്കാമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇതോടെ, ഹരജിക്കാർ മേൽപ്പറഞ്ഞ നിയമപ്രകാരം 48 മണിക്കൂറിനകം രജിസ്‌ട്രേഷന് അപേക്ഷിച്ചാൽ മതിയായ സംരക്ഷണം നൽകാൻ ജസ്റ്റിസ് മനോജ് കുമാർ തിവാരി, ജസ്റ്റിസ് പങ്കജ് പുരോഹിത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
യുവാവും യുവതിയും രജിസ്ട്രേഷനായി അപേക്ഷിച്ചിരുന്നെന്നും എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് സ്വീകരിക്കാൻ വിസമ്മതിച്ചെന്നും ഇവരുടെ അഭിഭാഷകൻ പറഞ്ഞു. കോടതി വിധിയോട് പ്രതികരിക്കുന്നില്ലെന്നും യൂനിഫോം സിവിൽ കോഡ് ചോദ്യം ചെയ്യുന്ന ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.