ലഖ്നോ: കൻവാർ തീർഥ യാത്ര കടന്നുപോകുന്ന മുസഫർനഗറിലെ റോഡുകളിലെ കടകൾക്കു മുന്നിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാറിന്‍റെ വിവാദ ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്‍റെ ഭരണഘടനക്കുനേരെയുള്ള അതിക്രമമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
‘ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമായ കുറ്റമാണ്. ഉത്തരവ് ഉടൻ പിൻവലിക്കുകയും ഇത് പുറപ്പെടുവിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം’ -പ്രിയങ്ക എക്സിൽ കുറിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ വിവാദ ഉത്തരവ് സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചതിനു പിന്നാലെയാണ് വിമർശനവുമായി പ്രിയങ്ക രംഗത്തുവന്നത്. പ്രതിപക്ഷത്തിനു പുറമെ, എൻ.ഡി.എയിലെ സഖ്യ കക്ഷികളും ഉത്തരവിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
‘ഓരോ പൗരനും ജാതിയുടെയോ മതത്തിന്‍റെയോ ഭാഷയുടെയോ അടിസ്ഥാനത്തിൽ വിവേചനം നേരിടില്ലെന്ന് നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നു. ഉത്തർപ്രദേശിലെ ഹോട്ടലുകളുടെയും കടകളുടെയും മുന്നിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന വിഭജന ഉത്തരവ് നമ്മുടെ ഭരണഘടനക്കും ജനാധിപത്യത്തിനും നമ്മുടെ പൈതൃകത്തിനും എതിരായ അക്രമമാണ്’ -പ്രിയങ്ക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.