ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രാജ്യത്തുടനീളം നിലനിൽക്കുന്നത് നിരവധി മാനനഷ്ടക്കേസുകൾ. 2013 മുതൽ 2015 വരെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ മാത്രം ഏഴു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയെല്ലാം തന്നെ ബി.ജെ.പി നേതാക്കളും ആർ.എസ്.എസ് സഹയാത്രികരും നൽകിയതും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോൺഗ്രസ് നേതാവിനെ രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചത്. മോദി എന്ന കുടുംബപ്പേരുള്ളവർ കള്ളന്മാരാണോ എന്ന് ചോദിച്ചതിനാണ് കേസ്. രാഹുലിന്റെ പരാമർശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സൂറത്തിലെ കോടതി കോൺഗ്രസ് നേതാവിനെ കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചു.
മറ്റൊരു മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പട്ന കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന കുടുംബപ്പേരുള്ളവർ കള്ളന്മാരാണോ എന്ന് ചോദിച്ചതായിരുന്നു കേസ്. ഒരു ബി.ജെ.പി നേതാവായിരുന്നു കേസ് ഫയൽ ചെയ്തത്.
അഹ്മദാബാദ് ജില്ല സഹകരണ ബാങ്ക് നൽകിയ മാനനഷ്ടക്കേസിൽ അഹ്മദാബാദ് കോടതി ജാമ്യം അനുവദിച്ചു. കറൻസി നോട്ടുകൾ കൈമാറ്റം ചെയ്യുന്ന അഴിമതിയിൽ ബാങ്ക് ഉൾപ്പെട്ടതായി രാഹുൽ ആരോപിച്ചതായിരുന്നു കേസിന് ആധാരം. 2016 നവംബറിലെ നോട്ട് അസാധുവാക്കലിനെത്തുടർന്നായിരുന്നു രാഹുലിന്റെ ആരോപണം.
ഭോപ്പാലിൽ ജനപ്രതിനിധികൾക്കേതിരായ കേസുകൾ കൈകാര്യ ചെയ്യുന്ന പ്രത്യേക കോടതി രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ‘ബലാത്സംഗം ഇന്ത്യയിൽ’ എന്ന പരാമർശമാണ് കേസിന് നിദാനമായത്. രാഹുലിന്റെ പരാമർശം ഇന്ത്യക്കാരുടെ വികാരത്തെ വൃണപ്പെടുത്തുമെന്നായിരുന്നു മുകേഷ് രജാവതിന്റെ പരാതി.
ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ മുംബൈ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. ബംഗളൂരുവിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി പരാമർശം നടത്തിയതിനായിരുന്നു കേസ്.
ആർ.എസ്.എസ് നൽകിയ മാനനഷ്ടക്കേസിൽ ഗുവാഹതി കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. 2015 ഡിസംബറിൽ അസമിലെ ബാർപേട്ട സത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് തന്നെ ആർ.എസ്.എസ് തടഞ്ഞുവെന്ന് രാഹുൽ ആരോപിച്ചതിനെ തുടർന്നാണ് കേസ്.
ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ കേസിൽ മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. മഹാത്മാഗാന്ധിയെ കൊന്നത് ആർ.എസ്.എസ് ആണെന്ന് രാഹുൽ പറഞ്ഞതായിരുന്നു കേസിനാധാരം. കോടതിയിൽ തന്റെ വാദം തെളിയിക്കാൻ രാഹുൽ കോടതി വിചാരണ നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി വിധിച്ചു.
നാഷനൽ ഹെറാൾഡ് കേസിൽ 2015 ഡിസംബറിൽ മാതാവ് സോണിയ ഗാന്ധിക്കൊപ്പം ജാമ്യം ലഭിച്ചു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയായിരുന്നു കുടുംബത്തിനെതിരെ കേസ് കൊടുത്തത്.
നാഷനൽ ഹെറാൾഡ് ദിനപത്രം നടത്തുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ യങ് ഇന്ത്യൻ ഏറ്റെടുത്തതും അതിനുശേഷമുള്ള ഇടപാടുകളുമാണ് നാഷനൽ ഹെറാൾഡ് കേസിൽ ഉൾപ്പെടുന്നത്.
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകൾ തന്നോട് അവരുടെ പ്രയാസങ്ങൾ പറഞ്ഞു എന്ന് ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസ്താവനയുടെ പേരിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാർച്ച് 19ന് ഡൽഹി പൊലീസ് സംഘം രാഹുൽ ഗാന്ധിയുടെ തുഗ്ലക് ലെയ്നിലെ വസതിയിൽ എത്തി മൊഴി രേഖപ്പെടുത്തി.
ഭാരത് ജോഡോ യാത്രയിൽ വി.ഡി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ രാഹുലിനെതിരെ താണെ പൊലീസ് കുറ്റം ചുമത്തി. വന്ദന ഡോംഗ്രെയുടെ പരാതിയിലാണ് 2022 നവംബറിൽ താണെ നഗർ പൊലീസ് കേസെടുത്തത്. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയെന്നും ബ്രിട്ടീഷുകാരിൽനിന്ന് പെൻഷൻ വാങ്ങാറുണ്ടായിരുന്നുവെന്നും രാജ്യതാൽപര്യത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്നും രാഹുൽ പറഞ്ഞുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.