ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ നിർവചിക്കുക സങ്കീർണമാണെന്നും അവ കൈകാര്യം ചെയ്യാൻ നിയമവും കോടതിവിധിയും നടപ്പാക്കുന്നതിലാണ് കാര്യമെന്നും സുപ്രീംകോടതി. ഹരിയാനയിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഡൽഹി-എൻ.സി.ആർ മേഖലയിൽ സംഘടിപ്പിക്കുന്ന റാലികൾക്കെതിരെയുള്ള ഹരജിയും വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ മറ്റ് ഹരജികളും പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച്.
റാലി സമാധാനപരമായിരുന്നോ എന്ന് ബെഞ്ച് ചോദിച്ചു. റാലികളിൽ ചില വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായെന്നും എന്നാൽ, അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹരജിക്കാരനായ ഷഹീൻ അബ്ദുല്ലക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിങ് പറഞ്ഞു.
വിദ്വേഷ പ്രസംഗങ്ങൾക്ക് കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂവെന്ന് ബെഞ്ച് പറഞ്ഞു. വിദ്വേഷ സംഭാഷണത്തിന്റെ നിർവചനം വളരെ സങ്കീർണമാണ്, അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദ്വേഷ പ്രസംഗവും അഭിപ്രായ സ്വാതന്ത്ര്യവും സംബന്ധിച്ച നിരവധി വിധികളുണ്ട്. ഇവ നടപ്പാക്കുന്നതിലാണ് കാര്യമെന്നും ജസ്റ്റിസ് ഖന്ന, സിങ്ങിനോടും കേന്ദ്രത്തെ പ്രതിനിധാനംചെയ്ത സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും പറഞ്ഞു. രണ്ടാഴ്ചക്കുശേഷം കേസ് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.