ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയെ അതിശൈത്യം പിടിമുറുക്കിയെങ്കിലും തെരഞ്ഞെടുപ്പ് ചൂടിന് ഒട്ടും കുറവില്ല. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതികൂടി പ്രഖ്യാപിച്ചതോടെ ചിത്രം കൂടുതൽ വ്യക്തം. ആം ആദ്മി പാർട്ടിയുടെ (ആപ്) ഭാവി നിർണയിക്കുമോ, കാൽനൂറ്റാണ്ടിനുശേഷം ബി.ജെ.പി ഡൽഹി തിരിച്ചുപിടിക്കുമോ, അതോ കോൺഗ്രസിന് തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച ഇൻഡ്യ മുന്നണിയിലെ ആപും കോൺഗ്രസും നിയമസഭ തെരഞ്ഞെടുപ്പിൽ ബദ്ധവൈരികളായതോടെ ത്രികോണ തെരഞ്ഞെടുപ്പിനാണ് ഡൽഹി ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടുമാസം മുമ്പേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചും ക്ഷേമ പദ്ധതികൾ വാരിക്കോരി വാഗ്ദാനം ചെയ്തും ആപ് ഒരുമുഴം മുന്നേ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുന്നതിനൊപ്പം സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ ലഭിക്കുന്ന മഹിളാ സമ്മാൻ യോജന, 60 വയസ്സിന് മുകളിലുള്ളവര്‍ക്കായി എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കുന്ന സഞ്ജീവനി യോജന, ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ഇൻഷുറൻസ് ഉൾപ്പെടെ അഞ്ച് പദ്ധതികൾ, പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18,000 രൂപ തുടങ്ങിയവയാണ് ആപ് പ്രഖ്യാപിച്ചിട്ടുള്ളത്.
70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം തടയാൻ 20 സിറ്റിങ് എം.എൽ.എമാരെ ഒഴിവാക്കിയും നിരവധി എം.എൽ.എമാരെ തട്ടകം മാറ്റിയുമാണ് ആപിന്റെ സ്ഥാനാർഥി പട്ടിക. കോൺഗ്രസ് എല്ലാ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും താഴെ തട്ടിൽ പ്രചാരണം സജീവമായിട്ടില്ല. തങ്ങൾ ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ് സർക്കാർ പദ്ധതി മോഡലില്‍ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുന്ന പ്യാരി ദീദി യോജന പദ്ധതി കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാറിന് മൂക്കിന് താഴെയുള്ള ഡൽഹി പിടിക്കൽ ബി.ജെ.പിക്ക് അഭിമാന വിഷയം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വ്യക്തിപരമായി ആക്ഷേപം ഉന്നയിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
കെജ്രിവാളിനെതിരെ മദ്യ അഴിമതി, വീട് നവീകരണം തുടങ്ങി വിഷയങ്ങൾക്കൊപ്പം ഡൽഹിയിലെ ബംഗ്ലാദേശ് കുടിയേറ്റം ഉന്നയിച്ച് ഭൂരിപക്ഷ ഏകീകരണവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ആപും കോൺഗ്രസും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയെങ്കിലും അവസാന നിമിഷത്തിൽ 29 സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടിക മാത്രമാണ് ബി.ജെ.പിക്ക് പുറത്തിറക്കാനായത്.
2021ൽ 62 സീറ്റും നേടിയ ആപ് ഇത്തവണ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ടെങ്കിലും ക്ഷേമ പദ്ധതികളുടെ ബലത്തിൽ ഭരണം പിടിച്ചുനിർത്താനാകുമെന്ന കണക്കുകൂട്ടലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.