ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘടനകൾ ആരംഭിച്ച ഡൽഹി ചലോ മാർച്ച് ഫെബ്രുവരി 21 വരെ നിർത്തിവെക്കും. ഇന്നലെ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച താങ്ങുവില നിർദേശം ചർച്ചചെയ്യുന്നതിന്‍റെ ഭാഗമായാണിത്. വിദഗ്ധരുമായും കർഷകസംഘടനകളുമായും താങ്ങുവില നിർദേശം അടുത്ത രണ്ട് ദിവസം ചർച്ചചെയ്യുമെന്നും തീരുമാനത്തിലെത്തിയില്ലെങ്കിൽ പൂർവാധികം ശക്തിയോടെ 21ന് ഡൽഹി ചലോ മാർച്ച് പുന:രാരംഭിക്കുമെന്നും കർഷക നേതാവ് സർവൻ സിങ് പാന്തർ പറഞ്ഞു.
കാർഷിക വിളകൾക്ക് അടിസ്ഥാന താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 13നാണ് കർഷകർ ഡൽഹി ലക്ഷ്യമാക്കി മാർച്ച് തുടങ്ങിയത്. ഹരിയാന അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷ സാഹചര്യം നിലനിന്നിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സർക്കാർ നാലാംവട്ട ചർച്ച നടത്തിയത്.
ഞായറാഴ്ച വൈകീട്ട് ചണ്ഡിഗഢിൽ കർഷക നേതാക്കളുമായി കേന്ദ്ര മന്ത്രിമാർ നടത്തിയ ചർച്ചയിൽ മിനിമം താങ്ങുവില ഒഴികെയുള്ള വിഷയങ്ങളിൽ കേന്ദ്രം കർഷക ആവശ്യങ്ങൾക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ഡ, പിയൂഷ് ഗോയൽ, നിത്യാനന്ദ റായ് എന്നിവർ പങ്കെടുത്തു. കർഷക പ്രതിഷേധം നീണ്ടുപോകുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് കേന്ദ്രം കരുതുന്നുണ്ട്.
അതേസമയം, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകൾ ഒരുക്കിയുള്ള കനത്ത പൊലീസ് വിന്യാസം തുടരുകയാണ്. പട്യാല, സംഗ്രൂർ, ഫത്തേഗഡ് സാഹിബ് എന്നിവയുൾപ്പെടെ പഞ്ചാബിലെ വിവിധ പ്രദേശങ്ങളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് ഫെബ്രുവരി 24 വരെ നീട്ടി. ഏഴ് ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം ഹരിയാന സർക്കാർ രണ്ടു ദിവസം കൂടി നീട്ടി. കൂട്ടമായി എസ്.എം.എസ് അയക്കുന്നതിനും വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.