ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അതിഷി മർലേനയെ പുറത്താക്കിയെന്ന ആരോപണവുമായി എ.എ.പി. ലഫ്റ്റനന്‍റ് ഗവർണറുടെ നിർദേശപ്രകാരം മുഖ്യമന്ത്രി അതിഷിയുടെ വസ്തുക്കൾ ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് മാറ്റിയെന്നും എ.എ.പി ആരോപിച്ചു. കേന്ദ്ര സർക്കാറും ഡൽഹി സർക്കാറും ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അരവിന്ദ് കെജ്‌രിവാൾ ഒഴിഞ്ഞ വീട്ടിലേക്ക് പുതിയ ഡൽഹി മുഖ്യമന്ത്രി അതിഷി താമസം മാറുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിവിൽ ലൈൻസിലെ മുഖ്യമന്ത്രിയുടെ വീട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെജ്‌രിവാൾ ഒഴിഞ്ഞത്. വീട് തിടുക്കപ്പെട്ട് പുതിയ മുഖ്യമന്ത്രിയായ അതിഷിക്ക് കൈമാറുന്നത് നവീകരണത്തിലെ അഴിമതി പുറത്തുവരാതിരിക്കാനാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിഷിയുടെ വസ്തുക്കൾ വസതിയിൽ നിന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ മാറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
നിലവിൽ തന്റെ മണ്ഡലമായ കൽക്കാജിയിലെ വീട്ടിലാണ് അതിഷി താമസിച്ചുവന്നിരുന്നത്. മദ്യനയക്കേസിൽ ജയിലിലായിരുന്ന കെജ്രിവാൾ ജാമ്യം ലഭിച്ചതിന് പിന്നാലെ രാജിവെച്ചതോടെയാണ് അതിഷി ഡൽഹി മുഖ്യമന്ത്രി പദത്തിലേക്കെത്തിയത്. നവീകരണത്തിന്റെ പേരിൽ ആഡംബര ബംഗ്ലാവാക്കി മാറ്റാൻ കെജ്രിവാൾ കോടികൾ ധൂർത്തടിച്ചെന്നും, വസതിയിലെ തട്ടിപ്പുകൾ പുറംലോകം കാണാതിരിക്കാനുള്ള നീക്കമാണ് പെട്ടെന്നുള്ള താമസം മാറ്റലെന്നുമാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.