ട്യൂഷൻ ഫീസ് തർക്കം ‘മതംമാറ്റ’മാക്കി; കോച്ചിങ് സെന്റർ ഉടമയായ മുസ്‍ലിം യുവാവിന് ആൾക്കൂട്ട മർദനം

ന്യൂഡൽഹി: ട്യൂഷൻ ഫീസ് അടക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പ്രതികാരം വീട്ടാൻ നിർബന്ധിത മതംമാറ്റം ആരോപിച്ച് മുസ്‍ലിം യുവാവിന് ആൾക്കൂട്ട മർദനം. ഡൽഹി സഹകൂർപൂരിൽ ഒരു സ്വകാര്യ കോച്ചിങ് സ്ഥാപനം നടത്തുന്ന ഇർഫാൻ അൻസാരി എന്ന യുവാവാണ് മർദനത്തിനിരയായത്. മതപരിവർത്തനം ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനാ നേതാവും സംഘവുമാണ് ഇയാളെ ആക്രമിച്ചത്.

ജൂലൈ നാലിനാണ് സംഭവം. ഇർഫാൻ അൻസാരിയും വിദ്യാർഥിയുടെ രക്ഷിതാവും തമ്മിൽ ട്യൂഷൻ ഫീസിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെ അൻസാരി തന്റെ കോച്ചിംഗ് സെൻററിൽ വിദ്യാർഥികളെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ഇയാൾ ആരോപിച്ചു. തുടർന്ന് തീവ്രഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുകയായിരുനനു. അൻസാരിക്ക് വധഭീഷണി ഉയർന്നതോടെ കുടുംബം നാടുവിട്ട് ബന്ധുവീട്ടിൽ അഭയം പ്രാപിച്ചു.

മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനുപിന്നാലെ രാജ്യത്തുടനീളം നിരവധി ക്രിസ്ത്യൻ, മുസ്‍ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും വ്യക്തികളും ആകരമണത്തിനും ആൾക്കൂട്ടക്കൊലക്കും ഇരയായിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലുള്ള സംഭവമാണിത്. കോച്ചിങ് സെൻറർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിംകളെ ലക്ഷ്യമിട്ട് 8 ആൾക്കൂട്ട കൊലപാതകങ്ങളും 6 ആൾക്കൂട്ട അക്രമ സംഭവങ്ങളും കൂടി അരങ്ങേറിയിരുന്നു. ഫെബ്രുവരി 23 ന് കോട്ട ജില്ലയിലെ സാംഗോഡി ഖജൂരി ഓദ്പൂർ ഗ്രാമത്തിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിൽ മുസ്‍ലിം അധ്യാപകരായ ഷബാന, ഫിറോസ് ഖാൻ, മിർസ മുജാഹിദ് എന്നിവർക്കെതിരെ മതപരിവർത്തനവും ലവ് ജിഹാദും ആരോപിച്ചിരുന്നു. ഇവരെ സസ്​പെൻഡ് ചെയ്തതിനെതിരെ സ്കൂളിലെ ജാതിമത ഭേദമന്യേയുള്ള വിദ്യാർഥികളും അധ്യാപകരും രംഗത്തെത്തി. ഏപ്രിൽ 4ന്, രാജസ്ഥാനിലെ ബീവാറിൽ മതപരിവർത്തനമാരോപിച്ച് ഒരു മദ്റസക്കെതിരെ പ്രതിഷേധം അരങ്ങേറി. ഹിന്ദുത്വ സംഘടനകളുടെ പ്രകടനത്തിൽ കടുത്ത വർഗീയമുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ജൂൺ 24 ന് മധ്യപ്രദേശിലെ ഉജ്ജയിനിൽ വിക്രം സർവകലാശാലയിൽ മുസ്‍ലിം പ്രഫസർക്കെതിരെ എബിവിപി മതംമാറ്റമാരോപിച്ച് രംഗത്തെത്തിയിരുന്നു.

ക്രിസ്ത്യാനികൾക്കെതിരെയും നിരവധി ആക്രമണങ്ങളാണ് ഈ വർഷം അരങ്ങേറിയത്. ജനുവരി 28 ന് കർണാടകയിലെ ബിജാപൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ദമ്പതികളെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു. ഏപ്രിൽ 6 ന് തെലങ്കാനയിൽ ക്രിസ്ത്യൻ മിഷനറി സ്‌കൂളിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നു. ജൂൺ 13 ന് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട മൂന്ന് പേരെ ബജ്‌റംഗ്ദളുകാർ ക്രൂരമായി മർദിച്ചു. ജൂലായ് 5ന് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരിൽ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവിന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികളെ ആക്രമിച്ചു.

Tags:    
News Summary - Delhi coaching centre owner Irfan Ansari thrashed over ‘conversions’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.