ന്യൂഡൽഹി: രണ്ടോ, മൂന്നോ മാസം ഗർഭിണികളായവർക്ക് താൽകാലികമായി നിയമനം നിഷേധിക്കുന്ന തരത്തിലുള്ള ഇന്ത്യൻ ബാങ്കിന്റെ പുതിയ റിക്രൂട്ട്മെന്റ് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ ചെയർപേഴ്സൻ സ്വാതി മാലിവാൾ നോട്ടീസയച്ചു. ഗർഭിണികളായ സ്ത്രീകൾ ജോലിക്ക് യോഗ്യരല്ലെന്ന് നിയമം കൊണ്ടുവരുന്നത് നീതീകരിക്കാനാവില്ലെന്ന് സ്വാതി മാലിവാൾ വ്യക്തമാക്കി.
സ്ത്രീകളെ ലിംഗപരമായി വേർതിരിക്കുന്ന ഇത്തരം നിയമങ്ങൾ പിൻവലിക്കണം. ഭാവിയിൽ മറ്റുള്ള ബാങ്കുകളും ഇതേ നിയമങ്ങൾ സ്ത്രീകളിൽ അടിച്ചേൽപിക്കാൻ ഇടവരരുത്. വിഷയത്തിൽ ഇടപെടണമെന്നു കാണണമെന്ന് മാലിവാൾ റിസർവ് ബാങ്ക് ഗവർണർക്ക് നോട്ടീസ് അയച്ചു. 12 ആഴ്ചയിലേറെ കൂടുതൽ ഗർഭം ധരിച്ച സ്ത്രീകളെ ജോലിക്കെടുക്കേണ്ട എന്ന ഇന്ത്യൻ ബാങ്കിന്റെ തീരുമാനം സ്ത്രീവിരുദ്ധമാണെന്ന് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷനും വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയക്കുകയും ചെയ്തു.
വിവാദമായപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിർത്തിവെച്ച ഗർഭിണികളുടെ നിയമന വിലക്കാണ് ഇന്ത്യൻ ബാങ്ക് ഏറ്റെടുത്തത്. ഗർഭം ധരിച്ച് 12 ആഴ്ചയോ അതിലധികമോ ആയവർക്ക് നിയമനത്തിന് 'താൽക്കാലിക അയോഗ്യത' കൽപിച്ചാണ് ഇന്ത്യൻ ബാങ്ക് ഉത്തരവിറക്കിയത്. പ്രസവത്തിന് ശേഷം ആറാഴ്ച കഴിഞ്ഞാൽ വീണ്ടും ഫിറ്റ്നസ് പരിശോധന റിപ്പോർട്ട് ഹാജരാക്കണമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ നിയമനം ലഭിക്കുകയുള്ളൂ എന്നുമാണ് തീരുമാനം.
ഇന്ത്യൻ ബാങ്ക് സ്പോൺസർ ചെയ്യുന്ന തമിഴ്നാട് ഗ്രാമ ബാങ്കും സമാനമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസവശേഷം മൂന്ന് മാസം കഴിഞ്ഞ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് തമിഴ്നാട് ബാങ്ക് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിലാണ് എസ്.ബി.ഐ ഇത്തരത്തിൽ ഒരു മാർഗനിർദേശം പുറപ്പെടുവിച്ചത്. വിവിധ സംഘടനകളും ഡൽഹി വനിത കമീഷനും അതിനെതിരെ ശക്തമായി രംഗത്ത് വന്നതോടെ മാർഗനിർദേശം പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.