ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പടർന്നു പിടിച്ചതോടെ ആരോഗ്യപ്രവർത്തകർക്കൊപ്പം തന്നെ നിയമപാലകരുൾപ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥർ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. വീടും വീട്ടുകാരെയും വിട്ടകന്ന് ജീവൻപോലും പണയം വച്ചുള്ള ഒരു യുദ്ധത്തിൽ തന്നെയാണവർ.
കോവിഡ് ഡ്യൂട്ടിയിൽ കൂടുതൽ സജീവമാകുന്നതിനായി മെയ് ഏഴിന് നടക്കേണ്ട സ്വന്തം മകളുടെ വിവാഹം പോലും മാറ്റിവെച്ചൊരു പിതാവുണ്ട് ഡൽഹിയിൽ. ഡൽഹി പൊലീസിൽ നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ രാകേഷ് കുമാറാണ് പോരാളിയായ ആ പിതാവ്.
ഡൽഹിയിലെ ലോധി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ ആരോരുമില്ലാത്തവരുടെ അന്ത്യ കർമങ്ങൾക്ക് സഹായം നൽകുകയാണ് ഈ 56കാരൻ. രാകേഷിന്‍റെ മാതൃകാപരമായ പ്രവർത്തനത്തെ സംബന്ധിച്ച് ഡൽഹി പൊലീസ് തന്നെയാണ് ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റിട്ടത്.
''ഡൽഹി പൊലീസ് എ.എസ്.ഐ രാകേഷ്, വയസ് 56 , മൂന്ന് പേരുടെ പിതാവ്, നിസാമുദ്ദീൻ ബറാക്കിലാണ് താമസം. ഏപ്രിൽ 13 മുതൽ ലോധി റോഡ് ശ്മശാനത്തിൽ ജോലിയിലാണ്. 1100ൽപരം അന്ത്യകർമങ്ങൾക്ക് സഹായം നൽകി. 50ലേറെ പേരുടെ ചിതക്ക് അദ്ദേഹം തീ പകർന്നു. കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുക്കുന്നതിനായി മകളുടെ വിവാഹം മാറ്റിവെച്ചു.'' -രാകേഷിന്‍റെ വിഡിയോ സഹിതം ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.