ന്യൂഡൽഹി: ഡൽഹി വംശഹത്യ കേസുമായി ബന്ധപ്പെട്ട് പ്രതിചേർത്ത് തടവിൽ കഴിയുന്ന സന്നദ്ധ പ്രവർത്തകരുടെ ജാമ്യവുമായി ബന്ധപ്പെട്ട ഹരജികൾ നിരന്തരം മാറ്റിവെക്കാനുള്ള പൊലീസ് ആവശ്യത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.
തങ്ങളുടെ അഭിഭാഷകനായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറ്റു സുപ്രധാന കേസുകളിൽ ഹാജരായതുകൊണ്ടാണ് ആവശ്യമുന്നയിച്ചതെന്നായിരുന്നു ഡൽഹി പൊലീസിന്റെ വിശദീകരണം. എന്നാൽ, അതു ശരിയല്ലെന്നും ബദൽ സംവിധാനമേർപ്പെടുത്തുകയാണ് വേണ്ടിയിരുന്നതെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗളും എ.എസ്. ഓകയുമടങ്ങിയ ബെഞ്ച് പറഞ്ഞു. ബദൽ സംവിധാനമേർപ്പെടുത്തുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ സർക്കാറിന് ഒന്നും പറയാനില്ലെന്നാണ് മനസ്സിലാക്കേണ്ടതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. പ്രതിചേർത്തവരെ വിചാരണ നടക്കാതെ അനാവശ്യമായി തടവിലിടുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. 2020ലെ ഉത്തര ഡൽഹി വംശഹത്യ കേസിൽ മൂന്നു പേർക്ക് ഹൈകോടതി ജാമ്യം നൽകിയതിനെതിരായ കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് ഈമാസം 21ലേക്ക് മാറ്റുകയും ചെയ്തു. സന്നദ്ധ പ്രവർത്തകരായ നടാഷ നർവൽ, ദേവഗംഗ കാലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കെതിരായ ഹരജിയിലാണ് സുപ്രീംകോടതി പരാമർശം.
ജനുവരി 17ന് ഹരജി പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ ഭരണഘടന ബെഞ്ചിന് മുമ്പാകെ മറ്റൊരു കേസിൽ ഹാജരാവുന്നതിനാൽ ഹരജി മാറ്റണമെന്ന് പൊലീസ് ആവശ്യെപ്പടുകയായിരുന്നു. തിങ്കളാഴ്ച പരിഗണിച്ചപ്പോഴും സോളിസിറ്റർ ജനറൽ ഹാജരായില്ല. കുറച്ചുസമയത്തിനുശേഷം വീണ്ടും കേസ് വിളിച്ചപ്പോൾ പൊലീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ രജത് നായർ, ഹരജി അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന് അഭ്യർഥിക്കുകയായിരുന്നു. അപ്പോഴായിരുന്നു ബെഞ്ചിന്റെ അതൃപ്തി പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.