ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ സംബന്ധിച്ച് ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി ഹൈകോടതി. ഡൽഹി കൽക്കാജി ക്ഷേത്രത്തിലെ പുരോഹിതൻ സുരേന്ദ്ര നാഥ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡൽഹി ഹൈകോടതി റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ വർഷം നവരാത്രി ആഘോഷത്തിനിടെ ഷോക്കടിച്ച് 17കാരൻ മരിച്ചിരുന്നു. രാജ്യത്ത് നവരാത്രി ആഘോഷങ്ങൾ ആഘോഷിക്കാനിരിക്കെയാണ് പുരോഹിതൻ കോടതിയെ സമീപിച്ചത്.
17കാരന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ നിലവിലെ സ്ഥിതിയും അറിയിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് ഡൽഹി പൊലീസിനോട് നിർദേശിച്ചു.
കഴിഞ്ഞ വർഷം സമാന സംഭവമുണ്ടായെന്നും എല്ലാ വർഷവും ആഘോഷ പരിപാടികൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് കോടതി നിർദേശങ്ങൾ നൽകാറുണ്ടെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് ചൂണ്ടിക്കാട്ടി. കൂടാതെ, ജനകൂട്ടത്തെ നിയന്ത്രിക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
നിലവിൽ കൽക്കി ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകാൻ അഡ്മിനിസ്ട്രേറ്ററെ മൂന്നു വർഷം മുമ്പ് ഹൈകോടതി നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.