‘ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ഇവിടെ ജോലി ചെയ്യരുത്’, വിക്കിപീഡിയയോട് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ഇവിടെ ജോലി ചെയ്യരുതെന്ന് വിക്കിപീഡിയയോട് ഡൽഹി ഹൈകോടതി. വിക്കിപീഡിയയുടെ പേജ് എഡിറ്റ് ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട ജുഡീഷ്യൽ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് എ.എൻ.ഐ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു വ്യാഴാഴ്ച ഡൽഹി ഹൈക്കോടതിയുടെ പരാമർശം.

സംഘടന ഇന്ത്യയിലല്ലാത്തതിനാൽ കോടതിയിൽ ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് വിക്കിപീഡിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഈ വാദത്തെ ശക്തമായി എതിർത്ത ജസ്റ്റിസ് നവിൻ ചൗള ‘ഞങ്ങൾ ഇനി കേസ് എടുക്കില്ലെന്നും നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യരുതെന്നും എ.എൻ.ഐയുടെ ഹരജിയിൽ വാക്കാൽ പരാമർശം നടത്തി.

വ്യാജ വിവരങ്ങൾ പേജിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് വിക്കിപീഡിയക്കെതിരെ എ.എൻ.ഐ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഈ പേജിൽ നിന്നെടുത്ത വിവരങ്ങൾ വാർത്തകളായി നൽകിയ എ.എൻ.ഐ വ്യാപക വിമർശനം നേരിട്ടിരുന്നു.

ആഗസ്റ്റ് 20ന് സമൻസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാവുകയായിരുന്നു. വിക്കിപീഡിയയുടെ ലഭ്യമായ മൂന്നു വ്യക്തികളുടെ വിവരങ്ങൾ രണ്ടാഴ്ചക്കുള്ളിൽ എ.എൻ.ഐയോട് വെളിപ്പെടുത്താൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് എ.എൻ.ഐ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.

അപേക്ഷയിൽ നോട്ടീസ് പുറപ്പെടുവിക്കവേ, ഇന്ത്യയിലെ ബിസിനസ് ഇടപാടുകൾ അവസാനിപ്പിക്കാൻ വിക്കിപീഡിയയോട് ആവശ്യപ്പെടുമെന്നും പ്രവർത്തനം തടയാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് ചൗള പറഞ്ഞു. വിക്കിപീഡിയയുടെ അംഗീകൃത പ്രതിനിധിയോട് അടുത്ത വാദം കേൾക്കുന്ന ദിവസം കോടതിയിൽ നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.

Tags:    
News Summary - 'If you don't like India, don't work here', says Delhi High Court to Wikipedia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.