ഐ.എ.എസ് ഉദ്യോഗാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ മുൻസിപ്പൽ കോർപറേഷനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഐ.എ.എസ് അക്കാദമി ബേസ്‌മെന്റിലെ വെള്ളക്കെട്ടിൽ മൂന്ന് ഉദ്യോഗാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ ഡൽഹി മുൻസിപ്പൽ കോർപറേഷനെതിരെയും ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിക്കെതിരെയും സിറ്റി ഗവർമെന്റിനെതിരെയും ഡൽഹി പൊലീസിനെതിരെയും രൂക്ഷ വിമർശനവുമായി ഡൽഹി ഹൈകോടതി.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും കോടതി വ്യക്തമാക്കി. ഇത് അശ്രദ്ധ കാരണം ഉണ്ടായ അപകടമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ, ഡി.സി.പി, എം.സി.ഡി കമ്മീഷണർ എന്നിവരോട് അടുത്ത ഹിയറിങ് നടക്കുന്ന വെള്ളിയാഴ്ച കോടതിയിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറുമെന്നും കോടതി പറഞ്ഞു.

എല്ലാ നിയമങ്ങളും പണംകൊണ്ട് മറികടക്കുകയാണ്. എം.സി.ഡി സീനിയർ ഓഫീസർമാരോട് മൈതാനം സന്ദർശിച്ച് എന്ത് നടപടി സ്വീകരിച്ചുവെന്ന് സത്യവാങ്മൂലം സമർപ്പിക്കാനും അന്വേഷണത്തിൻ്റെ നിജസ്ഥിതി വ്യക്തമാക്കികൊണ്ട് ഡൽഹി പൊലീസിനോടും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ഒരു നില കെട്ടിടം എങ്ങനെ ആറു നിലയായെന്നും കോടതി ചോദിച്ചു. ഓഫീസർമാർ എയർ കണ്ടീഷനിലിരുന്നാൽ പോരെന്നും ഇടക്ക് ഓഫിസിൽ നിന്ന് പുറത്തിറങ്ങി പോകണമെന്നും കോടതി പറഞ്ഞു. കേസിൽ ഇതുവരെ എത്ര ഉദ്യോഗസ്ഥരെ വിസ്തരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാനും ഓടകളിലെ അനധികൃത നിർമാണങ്ങൾ വെള്ളിയാഴ്ചയ്ക്കകം നീക്കം ചെയ്യാൻ എം.സി.ഡിയോട് കോടതി ഉത്തരവിട്ടു.

Tags:    
News Summary - Delhi High Court slams municipal corporation over drowning of IAS candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.