അത്യസാധാരണ നീക്കത്തിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിചേർത്തിരിക്കുന്ന ഡൽഹി മദ്യനയക്കേസിന്‍റെ നാൾവഴി
മദ്യനയവുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് കെജ്രിവാളിനെതിരെയുള്ളത്. ഒന്ന് സി.ബി.ഐ കേസും മറ്റൊന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും.
മദ്യനയം രൂപവത്കരിക്കുന്ന നടപടിക്രമത്തിൽ പാളിച്ചയുണ്ടെന്ന് വിശദീകരിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാറിന് നൽകിയ റിപ്പോർട്ടാണ് കേസിനാധാരം.
‘‘ഡൽഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലയുമുള്ള മനീഷ് സിസോദിയ നിയമവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനത്തിലൂടെ ഖജനാവിന് 580 കോടി നഷ്ടം വരുത്തി’’ -റിപ്പോർട്ട് പറയുന്നു.
-ആം ആദ്മി പാർട്ടി നേതാക്കളും ഡൽഹി സർക്കാറിനെ നയിക്കുന്നവരുമായവർ മദ്യവ്യവസായികളിൽനിന്ന് കൈക്കൂലി വാങ്ങി, ഡിസ്കൗണ്ട് നൽകുകയും ലൈസൻസ് ഫീസിന് കാലാവധി നീട്ടുകയും ചെയ്തുവെന്നും റിപ്പോർട്ട് ആരോപിച്ചു.
ഫെബ്രുവരി 26: റിപ്പോർട്ട് ലഭിച്ച സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. പുറമെ, 14 പേർക്കുമെതിരെ കുറ്റമാരോപിച്ച് കേസെടുത്തു. ഇതിൽ ആം ആദ്മി പാർട്ടി വാർത്താവിതരണ വിഭാഗം നേതാവ് വിജയ് നായരടക്കമുണ്ട്. 292 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് ഇ.ഡി കോടതിയിൽ.
12 ശതമാനം ലാഭത്തിന് മദ്യ മൊത്ത വ്യാപാരികൾക്ക് നൽകിയതാണ് അഴിമതി. ഇതിൽ ആറു ശതമാനം കൈക്കൂലിയാണ്. ലോബികൾക്ക് അനുകൂലമായി മനഃപൂർവം പഴുതുകൾ സൃഷ്ടിച്ച് ‘ആപ്പി’ന് പണം ലഭിക്കാൻ വഴിതെളിച്ചു.
സൗത്ത് ഗ്രൂപ് എന്ന സ്ഥാപനത്തിൽനിന്ന് ആപ് നേതാക്കൾ 100 കോടി കൈപ്പറ്റിയെന്നും ഇ.ഡി.
മാർച്ച് 15: കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. സൗത്ത് ഗ്രൂപ്പുമായി ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്.
കവിതയുടെ അറസ്റ്റിനു പിന്നാലെ, അരവിന്ദ് കെജ്രിവാളാണ് യഥാർഥ ആസൂത്രകൻ എന്ന് ഇ.ഡി ആദ്യമായി ആരോപണമുന്നയിച്ചു.
‘‘ഡൽഹി മദ്യനയത്തിൽ നേട്ടം കിട്ടുന്നതിനുവേണ്ടി കവിതയും മറ്റു പ്രതികളും ചേർന്ന് കെജ്രിവാൾ അടക്കമുള്ള ആപ് നേതാക്കളുമായി ഗൂഢാലോചന നടത്തി. ഇതിനു പ്രത്യുപകാരമായി ആപ് നേതാക്കൾക്ക് 100 കോടി രൂപ നൽകുന്നതിൽ കവിത പങ്കാളിയായി’’ -ഇ.ഡി ആരോപിച്ചു. പ്രതികളിൽ ഒരാളുമായി കെജ്രിവാൾ നേരിട്ട് സംസാരിച്ചുവെന്നും സപ്ലിമെന്ററി കുറ്റപത്രത്തിൽ ഇ.ഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.