ന്യൂഡൽഹി: കോടികളുടെ അഴിമതി ആരോപണം ഉയർന്ന ഡൽഹി മദ്യനയം രൂപപ്പെടുത്തുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടക്കം മുതൽ പങ്കാളിയായിരുന്നെന്ന് സി.ബി.ഐ. അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച അഞ്ചാമത്തെയും അവസാനത്തെയും അനുബന്ധ കുറ്റപത്രത്തിലാണ് സി.ബി.ഐയുടെ ആരോപണം.
കൂട്ടുപ്രതി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം മദ്യനയം രൂപവത്കരിച്ചപ്പോൾ കെജ്രിവാൾ പാർട്ടിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. അനുകൂലമായ മദ്യനയത്തിന് പകരം പണം ആവശ്യപ്പെട്ട് ഡൽഹിയിലെ മദ്യവ്യവസായികളെ കെജ്രിവാളിന് വേണ്ടി അടുത്ത അനുയായിയും ആപിന്റെ മാധ്യമവിഭാഗം ചുമതലയുള്ള പ്രതി വിജയ് നായരാണ് സമീപിച്ചത്. 100 കോടി രൂപ ആവശ്യപ്പെട്ട് കൂട്ടുപ്രതിയും ബി.ആർ.എസ് നേതാവുമായ കെ. കവിത നേതൃത്വം നൽകുന്ന ‘സൗത്ത് ഗ്രൂപ്പി’നെയും വിജയ് നായർ ബന്ധപ്പെട്ടു. മദ്യനയത്തിലൂടെ നേടിയ കള്ളപ്പണം പ്രതികളായ വിനോദ് ചൗഹാൻ, ആശിഷ് മാത്തൂർ എന്നിവർ വഴി ഗോവയിലേക്ക് മാറ്റുകയും തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തതിൽ കെജ്രിവാളിന്റെ പങ്ക് വ്യക്തമാണെന്നും സി.ബി.ഐ ആരോപിച്ചു. ‘സൗത്ത് ഗ്രൂപ്’ നൽകിയ 90-100 കോടി രൂപയിൽ 44.5 കോടി രൂപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഗോവയിലേക്ക് അയച്ചതായും സി.ബി.ഐ ചൂണ്ടിക്കാട്ടി. ഈ കള്ളപ്പണം സ്വീകരിക്കുകയും വിനിയോഗിക്കുകയും ചെയ്തതിൽ ഗോവയിൽ ആപിന്റെ ചുമതലയുള്ള ദുർഗേശ് പഥകും ഉത്തരവാദിയാണെന്നും കുറ്റപത്രത്തിലുണ്ട്.
സി.ബി.ഐ ആരോപണങ്ങൾ ആപ് നിഷേധിച്ചിരുന്നു. അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.