ന്യൂഡൽഹി: മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കാതെ ഡൽഹി മുനിസിപ്പൽ കൗൺസിൽ രണ്ടാമതും പിരിഞ്ഞു. ബി.ജെ.പി നടപടിയെ രൂക്ഷമായി വിമർശിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മേയർ തെരഞ്ഞെടുപ്പിൽനിന്ന് ഓടിയൊളിക്കാതെ ബി.ജെ.പി തോൽവി അംഗീകരിക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു.
ഡൽഹി പൊലീസിന്റെയും അർധസേനാ വിഭാഗങ്ങളുടെയും കാവലിലും സാന്നിധ്യത്തിലും കൗൺസിലർമാരുടെ പ്രതിജ്ഞ പൂർത്തിയാക്കിയ ശേഷമാണ് ഏതാനും ആപ്, ബി.ജെ.പി കൗൺസിലർമാർ ബഹളം വെച്ചുവെന്ന് ആരോപിച്ച് അധ്യക്ഷപദവിയിലുണ്ടായിരുന്ന ബി.ജെ.പി കൗൺസിലർ സത്യ ശർമ കൗൺസിൽ പിരിയുകയാണെന്ന് അറിയിച്ചത്. ഇതിൽ ആപ് കൗൺസിലർമാരും എം.എൽ.എമാരും പ്രതിഷേധിക്കുകയും ബി.ജെ.പി കൗൺസിലർമാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. കീഴ്വഴക്കം ലംഘിച്ച് ബി.ജെ.പിക്കാരനായ കൗൺസിലറെ താൽക്കാലിക അധ്യക്ഷ പദവിയിലിരുത്തി ലഫ്. ഗവർണർ നാമനിർദേശം ചെയ്ത കൗൺസിലർമാരെ ആദ്യം സത്യപ്രതിജ്ഞ ചെയ്യിച്ചിട്ടും മേയർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൗൺസിൽ പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു. ജനുവരി ആറിന് ആപ് - ബി.ജെ.പി കയ്യാങ്കളിയെ തുടർന്ന് മാറ്റിവെച്ച മേയർ തെരഞ്ഞെടുപ്പിനാണ് ചൊവ്വാഴ്ച വീണ്ടും ചേർന്നത്.
250 അംഗ കൗൺസിലിലേക്ക് ഡിസംബർ നാലിന് നടന്ന തെരഞ്ഞെടുപ്പിൽ ആപ്പിന് 134ഉം ബി.ജെ.പിക്ക് 104ഉം കോൺഗ്രസിന് ഒമ്പതും അംഗങ്ങളാണുള്ളത്. ആദ്യ വർഷം വനിത, രണ്ടാം വർഷം ജനറൽ, മൂന്നാം വർഷം സംവരണം, നാലും അഞ്ചും വർഷം ജനറൽ എന്നിങ്ങനെ റൊട്ടേഷനായാണ് മേയർ പദവി ലഭിക്കുക. കൗൺസിലർമാർക്ക് പുറമെ ഡൽഹി എം.പിമാർക്കും നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എമാർക്കും മേയർ തെരഞ്ഞടുപ്പിൽ വോട്ടവകാശമുണ്ട്. മേയർസ്ഥാനത്തേക്ക് ആപ്പിന്റെ ഷെല്ലി ഒബ്റോയിയും ബി.ജെ.പിയുടെ ആഷു ഠാക്കുറും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആപിന്റെ ആലേ മുഹമ്മദ് ഇഖ്ബാലും ബി.ജെ.പിയുടെ കമൽ ബാഗ്രിയും തമ്മിലാണ് മത്സരം. ഇത് കൂടാതെ ആറ് സ്ഥിരം സമിതി അംഗങ്ങളെയും തെരഞ്ഞെടുക്കാനുണ്ട്.
ഡൽഹി മുനിസിപ്പൽ കൗൺസിലിൽനിന്ന് ജനങ്ങൾ പുറത്തേക്കുള്ള വഴി കാണിച്ചിട്ടും മേയറെ തെരഞ്ഞെടുക്കാൻ അനുവദിക്കാതെ ബി.ജെ.പി ഒളിച്ചോടുകയാണെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ബി.ജെ.പി നാടകം എല്ലാവരും കണ്ടുവെന്നും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമുണ്ടെങ്കിൽ പരാജയം അംഗീകരിച്ച് മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിസോദിയ പറഞ്ഞു. 151 പേരുടെ പിന്തുണയുള്ള ആപ്പിനോട് 111 പേരുടെ പിന്തുണ മാത്രമുള്ള ബി.ജെ.പി തോൽക്കുമെന്ന് കണ്ടാണ് ഒളിച്ചോട്ടമെന്ന് ആപ് രാജ്യസഭ എം.പി സഞ്ജയ് സിങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.