17കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത് പോക്സോ നിയമ പരിശീലകൻ, ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ

ന്യൂഡൽഹി: മരണപ്പെട്ട സുഹൃത്തിന്റെ മകളെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ ഡൽഹി വനിത ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രെമോദോയ് ഖാഖ, പോക്സോ നിയമ പരിശീലകനായും സേവനം ചെയ്തിരുന്നുഴ ശിശു സംരക്ഷണ നിയമത്തെ (പോക്​സോ ആക്ട്) കുറിച്ച് പൊതുജനങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ക്ലാസ് എടുക്കുന്ന റിസോഴ്സ് പേഴ്സനായിരുന്നുവെന്നാണ് ഇയാളുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ പരിചയപ്പെടുത്തുന്നത്.

ഡൽഹിയിലെ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ കൈലാഷ് ഗഹ്ലോട്ടിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ കൂടിയായിരുന്നു 51 കാരനായ ഈ സർക്കാർ ഉദ്യോഗസ്ഥൻ. 2020നും 2021നും ഇടയിൽ തന്നെ ഇയാൾ നിരവധി തവണ ബലാത്സംഗം ചെയ്‌തുവെന്നും ഇയാളുടെ ഭാര്യ ഗർഭഛിദ്ര ഗുളികകൾ കഴിപ്പിച്ചുവെന്നും പെൺകുട്ടി പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെയാണ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

മാമ എന്നായിരുന്നു താൻ ഇയാളെ വിളിച്ചിരുന്നതെന്ന് അതിജീവിതയായ പെൺകുട്ടി തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. നാല് മാസത്തിനിടെ ഇയാൾ പലതവണ ബലാത്സംഗം ചെയ്തുവെന്ന് മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ക്വിന്റ്’ റിപ്പോർട്ട് ചെയ്തു.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദം നേടിയ ശേഷം 1998ലാണ് ഡൽഹി സർക്കാരിന്റെ വനിതാ ശിശു വകുപ്പിൽ ഉദ്യോഗസ്ഥനായി സർക്കാർ സർവിസിൽ പ്രവേശിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സർക്കാരിന്റെ ശിശു സംരക്ഷണ, ശിശു വികസന പദ്ധതികൾ നടപ്പിലാക്കുന്ന ചുമതലയിലായരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്. ജുവനൈൽ ജസ്റ്റിസ് (സിപിസി) റൂൾസ് 2016-ന്റെ കരട് കമ്മിറ്റിയിലും പ്രതി അംഗമായിരുന്നു. ആൺകുട്ടികൾക്കായുള്ള സർക്കാരിന്റെ ഒബ്സർവേഷൻ ഹോമിന്റെ ചുമതലയിലും ഇയാൾ ഉണ്ടായിരുന്നു. 2022 മാർച്ച് 13 മുതൽ 2023 മാർച്ച് 10 വരെയാണ് ഡൽഹി മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ ഓഫിസർ ആയി ജോലി ചെയ്തത്.

2020 ഒക്ടോബർ ഒന്നിന് കോവിഡ് ബാധിച്ചാണ് പെൺകുട്ടിയുടെ പിതാവ് മരിച്ചത്. ശേഷം മാതാവ് ഇവരെ കുടുംബസുഹൃത്തായ പ്രതിക്കും ഭാര്യക്കുമൊപ്പം താമസിക്കാൻ അയക്കുകയായിരുന്നു. കടുത്ത പീഡനത്തിന്റെ മാനസികാഘാതത്തിലായിരുന്ന പെൺകുട്ടിയെ ഒരാഴ്ച മുമ്പ് അമ്മയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ കൗൺസലിങ്ങിൽ ഡോക്ടറോടാണ് കുട്ടി ക്രൂര പീഡനത്തിന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്. ഡോക്ടർ അറിയിച്ചത് പ്രകാരം പൊലീസെത്തി പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്ന കുറ്റമാണ് ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

Tags:    
News Summary - Delhi Official Who 'Raped' Minor Was a POCSO Trainer, Had Masters in Social Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.