ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി വീണ്ടും പ്രളയഭീതിയിൽ. ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം നദിയിലേക്ക് ഒഴുക്കിയതാണ് ജലനിരപ്പ് വീണ്ടും ഉയരാൻ കാരണം. നദിയിലെ ജലനിരപ്പ് അപകടനില പിന്നിട്ടതിനെ തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും മഴ ശക്തമായതിനെ തുടർന്നാണ് അണക്കെട്ടിൽ നിന്ന് രണ്ട് ലക്ഷം ക്യൂസെസ് വെള്ളം കൂടി നദിയിലേക്ക് ഒഴുക്കിയത്.
യമുനയിലെ ജലനിരപ്പ് ഉയരുന്നത് പ്രളയത്തിന്റെ പിടിയിലുള്ള ഡൽഹിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലാവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര ജലകമീഷന്റെ അറിയിപ്പ് പ്രകാരം ഞായറാഴ്ച വൈകുന്നേരത്തോടെ യമുനയിലെ ജലനിരപ്പ് അപകടനിലയിലേക്ക് എത്താനാണ് സാധ്യതയെന്ന ഡൽഹി റവന്യു മന്ത്രി അതിഷി പറഞ്ഞു. സ്ഥിതി ഡൽഹി സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ജലത്തിന്റെ അളവ് 206.7 അടി പിന്നിട്ടാൽ പല സ്ഥലങ്ങളിലും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അതിഷി പറഞ്ഞു. പ്രളയത്തിന്റെ സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ച് എല്ലാ അറിയിപ്പുകളും ജനങ്ങൾക്ക് നൽകുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരോട് ജനങ്ങൾ സഹകരിക്കണമെന്നും റവന്യു മന്ത്രി അഭ്യർഥിച്ചു.
അതേസമയം, വീണ്ടും പ്രളയമുണ്ടായാൽ കുടിവെള്ള വിതരണമടക്കം മുടങ്ങുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നേരത്തെ പ്രളയത്തെ തുടർന്ന് ഡൽഹിയിൽ ചില കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശുദ്ധീകരണശാലകളുടെ പ്രവർത്തനം സാധാരണനിലയിലായത്. ജൂലൈ എട്ട്, ഒമ്പത് തീയതികളിലാണ് ഡൽഹി പ്രളയത്തിൽ മുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.