മുനവർ ഫാറൂഖിക്ക് ഡൽഹിയിലെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു

ന്യൂഡൽഹി: പ്രമുഖ സ്റ്റാൻഡപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ഡൽഹിയിലെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ആഗസ്റ്റ് 28ന് ഡൽഹിയിലെ കേദാർനാഥ് സാഹ്നി ഓഡിറ്റോറിയത്തിലെ ഡോ. എസ്.പി.എം. സിവിക് സെന്‍ററിൽ നടക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്.

പ്രദേശത്തെ സമുദായിക സൗഹാർദം തകരാൻ പരിപാടി കാരണമായേക്കാമെന്ന നിഗമനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് ഡൽഹി പൊലീസ് ജോയിന്‍റ് കമീഷണർ (ലൈസൻസിങ്) ഒ.പി. മിശ്ര ചൂണ്ടിക്കാട്ടി.

മുനവർ ഫാറൂഖിയുടെ പരിപാടിക്കെതിരെ എതിർപ്പുമായി വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്തുവന്നിരുന്നു. ഡൽഹിയിലെ പരിപാടി റദ്ദാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമീഷണർ സഞ്ജയ് അറോറക്ക് വി.എച്ച്.പി ഡൽഹി അധ്യക്ഷൻ സുരേന്ദ്ര കുമാർ ഗുപ്ത കത്ത് നൽകുകയും ചെയ്തു.

ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള ഫാറൂഖിയുടെ പരിഹാസങ്ങൾ സാമുദായിക സംഘർഷത്തിന് വഴിവെക്കുമെന്നാണ് വി.എച്ച്.പി. കത്തിൽ പറയുന്നത്. റദ്ദാക്കാത്ത പക്ഷം വി.എച്ച്.പിയും ബജ്രംഗ ദൾ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

ആഗസ്റ്റ് 21ന് ഹിന്ദുത്വവാദികളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഹൈദരാബാദിൽ മുനവർ ഫാറൂഖി പരിപാടി അവതരിപ്പിച്ചിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് ഒന്നര മണിക്കൂർ നീണ്ട പരിപാടി ഫാറൂഖി അവതരിപ്പിച്ചത്. പരിപാടിക്കെതിരെ പ്രതിഷേധവുമായി വേദിയിലെത്തിയ 50ഓളം തീവ്രഹിന്ദുത്വ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Tags:    
News Summary - Delhi Police denies permission to stand up comedian Munawar Faruqui to perform show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.